ന്യൂഡൽഹി: അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാസ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി.

ചില മുഖ്യമന്ത്രിമാരെ നേരിട്ടുവിളിച്ചും അദ്ദേഹം സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആരാഞ്ഞു. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ പോലീസും ഭരണസംവിധാനവും ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ശനിയാഴ്ച സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സമയത്താണ് അമിത് ഷായുടെ വീട്ടിൽ ഉന്നതതലയോഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജിത് ഭല്ല, ഐ.ബി. ഡയറക്ടർ അരവിന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അയോധ്യയിലടക്കം സ്വീകരിച്ച നടപടികൾ ഉന്നതോദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജമ്മുകശ്മീരിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിൽ സുരക്ഷയും വർധിപ്പിച്ചു. സ്കൂളുകൾ പോലീസ് നിർദേശപ്രകാരം അടഞ്ഞുകിടന്നു. ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ആരാധനാലയങ്ങളും മതകേന്ദ്രങ്ങളും ഉൾപ്പെടെയുള്ളവയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതിനുൾപ്പെടെ നിരോധനമുണ്ട്. സാമുദായികസംഘർഷങ്ങളൊഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനങ്ങളെന്നും കശ്മീരിലെ ഏതു സാഹചര്യവും മുതലെടുക്കാനുള്ള പാകിസ്താൻശ്രമങ്ങളെ ചെറുക്കുമെന്നും പോലീസ് വ്യക്തമാക്കി.

ഉത്തർപ്രദേശിൽ കനത്ത സുരക്ഷ

ഉത്തർപ്രദേശിലെ 31 ജില്ലകളിലും ശനിയാഴ്ച ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സാമൂഹികമാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിക്കാനുള്ള സാധ്യത വിലയിരുത്തി ചിലയിടങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. എല്ലാ ജില്ലകളിലും താത്കാലിക ജയിലുകൾ ഒരുക്കിയിട്ടുണ്ട്.

Content Highlights: Ayofhya verdict high level meeting Amit Shah