ന്യൂഡൽഹി: രാമജന്മഭൂമി ‘നിയമപരമായ വ്യക്തിത്വ’മായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അയോധ്യ കേസിലെ വിധിയിലാണ് ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീരാമന്റെ ജന്മസ്ഥലം ആ നിലയിൽതന്നെ ആരാധനാപാത്രമാണെന്നും ദിവ്യത്വമുള്ള വ്യക്തിത്വമുണ്ടെന്നുമാണ് രാംലല്ല വിരാജ്മാനുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്. ജന്മസ്ഥലത്തെ പ്രതിഷ്ഠയായാണ്‌ വിശ്വാസികൾ കാണുന്നത്. അയോധ്യ ഒരു പുണ്യസ്ഥലമാണ്. തീർഥാടനകേന്ദ്രവും. ക്ഷേത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ അഭാവത്തിൽപോലും അയോധ്യയ്ക്ക് ദിവ്യവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്നാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നതെന്നും രാംലല്ല വിരാജ്മാൻ വാദിച്ചു.

എന്നാൽ, സ്ഥാവരസ്വത്തിനെ ‘നിയമപരമായ വ്യക്തിത്വ’മായി അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ആത്മീയത മനസ്സിൽനിന്നും ഹൃദയത്തിൽനിന്നുമാണു വരുന്നത്. ഒരു മതത്തിന്റെ വിശ്വാസത്തിനുമാത്രം കോടതിക്കു മുൻഗണന നൽകാനാവില്ല. നിയമസംവിധാനത്തിനു മുകളിലും മതത്തെ കാണാനാകില്ല. ഇന്ത്യ പോലെയുള്ള രാജ്യത്ത്് മതവിഭാഗങ്ങൾക്കിടയിലെ വസ്തുതർക്കങ്ങൾ ഒഴിവാക്കാനാകില്ല. ഏതു സമുദായത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തമെന്ന് നിശ്ചയിക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

Content Highlights: Ayofhya case Supreme Court Ramjanmabhumi