അഹമ്മദാബാദ്: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള ചുമതല കേന്ദ്രസർക്കാർ രൂപവത്കരിക്കുന്ന ട്രസ്റ്റിനെ ഏൽപ്പിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഒരു ചരിത്രത്തിന്റെ ആവർത്തനമാണ്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുനർനിർമിക്കാൻ ആദ്യത്തെ ഇന്ത്യൻസർക്കാരും ഒരു ട്രസ്റ്റിനെയാണു ചുമതലപ്പെടുത്തിയത്.

1026-ൽ മുഹമ്മദ് ഗസ്‌നിയുടെ ആക്രമണത്തിൽ തകർന്ന സോമാഥ് ക്ഷേത്രം പിന്നീട് പുനരുദ്ധരിക്കപ്പെട്ടെങ്കിലും വീണ്ടും തകർക്കപ്പെട്ടു. 1947 നവംബറിൽ ജുനഗഢ് ഇന്ത്യയുടെ ഭാഗമായപ്പോൾ സോമനാഥ് ക്ഷേത്രം കേന്ദ്രസർക്കാർ പുനർനിർമിക്കുമെന്ന് ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ പരസ്യമായി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ കെ.എം. മുൻഷിയും ഗാഡ്ഗിലും പിന്തുണ നൽകി. എന്നാൽ, സർക്കാർ നേരിട്ട് ക്ഷേത്രം പണിയരുതെന്നും ട്രസ്റ്റിനെ ഏർപ്പെടുത്താനും നിർദേശിച്ചത് ഗാന്ധിജിയാണ്.

അങ്ങനെ കെ.എം. മുൻഷി ചെയർമാനായി രൂപവത്കരിച്ച ട്രസ്റ്റാണ് പൊതുജനങ്ങളിൽനിന്ന്‌ പണംപിരിച്ച് അമ്പലം പണിതത്. നിർമാണം പൂർത്തിയായപ്പോഴേക്കും പട്ടേൽ മരിച്ചിരുന്നു. തുടർന്ന്, രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ ക്ഷേത്രം തുറന്നുകൊടുക്കുന്നതിന് കെ.എം. മുൻഷി ക്ഷണിച്ചു. രാഷ്ട്രപതി ഈ ചടങ്ങിൽ സംബന്ധിക്കുന്നത് മതേതരരാഷ്ട്രത്തിന്‌ തെറ്റായസന്ദേശം നൽകുമെന്ന് പ്രധാനമന്ത്രി നെഹ്രു ചൂണ്ടിക്കാട്ടി. എന്നാൽ, രാജേന്ദ്രപ്രസാദ് അതു മറികടന്നാണ് ചടങ്ങിനെത്തിയത്.

സംഘപരിവാറിന്റെ അയോധ്യമുന്നേറ്റത്തോടും സോമനാഥ് ക്ഷേത്രത്തിന്‌ അഭേദ്യമായ ബന്ധമുണ്ട്. സോമനാഥ് ക്ഷേത്രംപോലെ അയോധ്യയിൽ രാമക്ഷേത്രവും പണിയുമെന്നായിരുന്നു മുദ്രാവാക്യം. എൽ.കെ. അദ്വാനിയുടെ അയോധ്യയിലേക്കുള്ള രഥയാത്ര 1990 സെപ്റ്റംബർ 25-നാണ് സോമനാഥിൽനിന്ന്‌ തുടങ്ങിയത്. ഇതാണ് അയോധ്യ പ്രക്ഷോഭത്തിനും ബി.ജെ.പി.യുടെ പിന്നീടുള്ള വളർച്ചയ്ക്കും അടിത്തറയിട്ടത്.

ആ യാത്രയുടെ ഒരുക്കങ്ങൾക്ക്‌ നേതൃത്വം കൊടുത്തത് അന്ന് സംഘടനാരംഗത്ത് പ്രവർത്തിച്ചിരുന്ന നരേന്ദ്രമോദിയാണ്. യാത്ര തുടങ്ങുന്നതിന് ഒരാഴ്ചമുമ്പുതന്നെ സോമനാഥിലെത്തിയ മോദിക്കായിരുന്നു ഗതാഗതം, ആളെക്കൂട്ടൽ, കാര്യപരിപാടി എന്നിവയുടെ ചുമതല. യാത്രയിലൊന്നും മോദി പ്രസംഗിച്ചതുമില്ല. പിന്നീട് എല്ലാവർഷവും സെപ്റ്റംബർ 25-ന് അദ്വാനി സോമനാഥ ക്ഷേത്രത്തിൽ പ്രാർഥനയ്ക്കെത്തിയിരുന്നു. 2010-ൽ അലഹാബാദ് ഹൈക്കോടതിവിധി വന്നതോടെയാണ് ആ പതിവ് നിർത്തിയത്. തന്റെ വാദം ജയിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ബാബറി മസ്ജിദ് തകർത്ത കേസിൽ അദ്ദേഹം പ്രതിയാണ്.

ഇപ്പോഴും സോമനാഥ് ക്ഷേത്രത്തിന്റെ ഭരണം ഒരു ട്രസ്റ്റിന്റെ ചുമതലയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ട്രസ്റ്റിൽ അംഗങ്ങളുമാണ്.

Content Highlights: Ayodhya verdict, Supreme Court, Somnath Temple