രാമക്ഷേത്രം നിർമിക്കുന്നതിന് തർക്കഭൂമി വിട്ടുനൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ ആശങ്ക ഒഴിഞ്ഞ് അയോധ്യ. ക്ഷേത്രനിർമാണത്തിനെതിരാണ് വിധിയെങ്കിൽ അക്രമമുണ്ടായേക്കുമെന്ന് ഉത്കണ്ഠയിലായിരുന്നു നാട്ടുകാർ.
ടെലിവിഷനിലൂടെ അന്തിമവിധി ന്യായം കേട്ട ഉടൻ നഗരത്തിലെങ്ങും ജയ്ശ്രീറാം വിളികൾ മുഴങ്ങി. ആഹ്ലാദപ്രകടനത്തിനുള്ള ഭക്തരുടെ ശ്രമം പോലീസ് തടഞ്ഞെങ്കിലും ക്ഷേത്രനഗരിയിലെങ്ങും മധുരവിതരണമുണ്ടായി. ചിലർ പടക്കം പൊട്ടിച്ചും പ്രാർഥനാമന്ത്രങ്ങൾ ഉരുവിട്ടും വിധിയെ സ്വീകരിച്ചു. വീടിനു പുറത്ത് ആഘോഷപ്രകടനം പാടില്ലെന്ന പോലീസിന്റെ നിർദേശം പാഴ്‍വാക്കായി.
അയോധ്യയിലും സമീപജില്ലകളിലും സ്ഥിതിഗതികൾ ശാന്തമാണെന്ന് അഞ്ചുജില്ലകളുടെ അധികാരച്ചുമതലയുള്ള മണ്ഡലായുക്ത് മനോജ് കുമാർ മിശ്ര ‘മാതൃഭൂമി’യോട് പറഞ്ഞു. ‘‘ജനങ്ങൾ ശാന്തരാണ്. ഒരിടത്തും പ്രശ്നങ്ങളില്ല. പോലീസ് സുരക്ഷാസംവിധാനങ്ങളിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. താത്‌കാലികമായി 20 ജയിലുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും കരുതൽ തടങ്കലിലില്ല’’ -അദ്ദേഹം പറഞ്ഞു.
എല്ലാ മുൻകരുതലുകളും ജില്ലാഭരണകൂടം എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേട്ട് അനൂജ് കുമാർ ഝായും വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ തന്നെ ക്ഷേത്രഭൂമിയിലേക്കുള്ള റോഡുകളിലെല്ലാം പോലീസ് ബാരിക്കേഡുകൾ കെട്ടി നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കാൽനടക്കാരെയും ഇരുചക്രവാഹനക്കാരെയും മാത്രമാണ് നഗരത്തിലേക്ക് കടത്തിവിട്ടത്. മിക്ക റോഡുകളും ആളൊഴിഞ്ഞുകിടന്നു. തർക്കഭൂമിയിലേക്ക് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. ഹനുമാൻ ഗടിയിലെ തർക്കഭൂമിയിലേക്കുള്ള പ്രവേശനകവാടത്തിലെ കടകളെല്ലാം പോലീസ് 10 ദിവസത്തേക്ക് അടപ്പിച്ചതായി പ്രസാദ വിൽപ്പനക്കാരനായ ജയപ്രകാശ് പറഞ്ഞു. മറ്റു കടകളിൽ പകുതിയോളം തുറന്നില്ല. വെള്ളിയാഴ്ച വരെ ആയിരങ്ങൾ ഒഴുകിയെത്തിയ അയോധ്യയിൽ വിധിദിവസം വളരെക്കുറച്ചു പേർ മാത്രമാണുണ്ടായത്. ചിലരൊക്കെ വെള്ളിയാഴ്ച രാത്രിതന്നെ വീടുപൂട്ടി അകലെയുള്ള ബന്ധുവീടുകളിലേക്ക് മാറി. തർക്കഭൂമിയിലെ രാമക്ഷേത്രത്തിൽ തൊഴാൻ അമ്പതിൽ താഴെ പേർ മാത്രമാണ് ശനിയാഴ്ച എത്തിയതെന്ന് സുരക്ഷാച്ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അയോധ്യയുടെയും രാമന്റെയും ആഗ്രഹം സുപ്രീംകോടതി വിധിയിലൂടെ സഫലമാവുന്നതായി രാമക്ഷേത്രത്തിലെ പൂജാരി പണ്ഡിറ്റ് ലോക്‌നാഥ് വത്സ് പറഞ്ഞു. മുസ്‌ലിങ്ങൾക്ക് പള്ളി പണിയുന്നതിന് അയോധ്യയുടെ പഞ്ചകോശി പരിക്രമമാർഗത്തിനു പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാർ സഹായങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുസമൂഹത്തിന്റെയാകെ വിശ്വാസത്തെ അംഗീകരിക്കുന്നതാണ് വിധിയെന്ന് ഹുമാൻക്ഷേത്രത്തിലെ പൂജാരി മഹന്ത് രാമചന്ദ്ര ദാസ് പറഞ്ഞു. രാമക്ഷേത്രങ്ങളുടെ പരിധിക്കു പുറത്ത് പള്ളി പണിയുന്നതിനും അതിന് സഹായം നൽകുന്നതിനും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അല്ലാഹുവിന്റെ വിധി മുകളിലാണെന്നും ഇപ്പോഴത്തെ വിധിയോട് പ്രത്യേകിച്ച് അനുകൂലമോ പ്രതികൂലമോ ആയ നിലപാടില്ലെന്നും അയോധ്യയിലെ തർക്കഭൂമിയോട് ചേർന്ന ആലംഗിരി മസ്ജിദിലെ ജീവനക്കാരൻ മുഹമ്മദ് ഹാഷിം പറഞ്ഞു.
ഉത്തർപ്രദേശിലെ വിദ്യാലയങ്ങൾക്കെല്ലാം ചൊവ്വാഴ്ച വരെ അവധിയാണ്. പോലീസുകാർക്ക് താമസസൗകര്യം ഏർപ്പെടുത്തിയ വിദ്യാലയങ്ങൾക്കും താത്‌കാലിക ജയിലുകൾ സജ്ജീകരിച്ച വിദ്യാലയങ്ങൾക്കും അനിശ്ചിതകാലത്തേക്കാണ് അവധി നൽകിയിട്ടുള്ളത്. 10 ദിവസം വരെ ഇതു നീളാനാണ് സാധ്യതയെന്ന് അയോധ്യ എസ്.എസ്.ഐ. രാമേന്ദ്ര വർമ പറഞ്ഞു.
Content Highlights: Ayodhya Verdict, Supreme Court, Ram Mandir