അയോധ്യ: അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള കല്ലുകളിൽ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിൽ 250 വിദഗ്ധ തൊഴിലാളികളെത്തും.

രാജസ്ഥാനിലെ ഭരത്പുർ, ഉത്തർ പ്രദേശിലെ മിർജാപുർ, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളിൽനിന്നാണ് തൊഴിലാളികളെ എത്തിക്കുകയെന്ന് കർസേവപുരത്തെ രാമജന്മഭൂമി ന്യാസ് നിർമാണശാലയിലെ സുരക്ഷാപ്രമുഖ് ഹനുമാൻയാദവ് ‘മാതൃഭൂമി’യോട് പറഞ്ഞു.

‘‘ഗുജറാത്തിലെ 10 തൊഴിലാളികളാണ് ഇത്രയും കാലം കല്ലുപണി നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്ര നിർമാണം മൂന്നുമാസത്തിനുള്ളിൽ തുടങ്ങുമെന്നതിനാൽ ഇനി പണി വേഗത്തിലാക്കണം. 250 വിദഗ്ധ തൊഴിലാളികളെയെങ്കിലും എത്തിക്കാനാണ് ശ്രമം. സർക്കാരുണ്ടാക്കാൻ പോകുന്ന ട്രസ്റ്റ് രാമജന്മഭൂമി ന്യാസിനെ നിർമാണ പ്രവൃത്തി ഏൽപ്പിക്കുമെങ്കിൽ സന്തോഷം. അല്ലെങ്കിൽ ഇതുവരെ നടത്തിയ പ്രവൃത്തികളുടെ ഫലം സർക്കാർ ട്രസ്റ്റിന് വിട്ടുനൽകും. രാമജന്മഭൂമിയിൽ രാമന് മഹത്തരമായ ക്ഷേത്രം മാത്രമാണ് ന്യാസിന്റെ ലക്ഷ്യം” -ഹനുമാൻ യാദവ് പറഞ്ഞു.

തർക്കഭൂമിയിൽ ‘രാം ലല്ല’യ്ക്കായി നിർമിക്കേണ്ട ക്ഷേത്രത്തിന്റെ മാതൃക രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ വലിയ രൂപം വി.എച്ച്.പി. ഓഫീസിലും ചെറുരൂപം നിർമാണ കാര്യശാലയിലും പ്രദർശനത്തിനുണ്ട്. ഈ മാതൃകയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രത്തിനായുള്ള കല്ലുകളുടെ കൊത്തുപണികൾ പുരോഗമിക്കുന്നത്. സുപ്രീംകോടതി വിധിയുടെ മുന്നോടിയായി സംഘപരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ നിർദേശ പ്രകാരം കൊത്തുപണികൾ താത്‌കാലികമായി നിർത്തിയിരുന്നു. ശില്പികൾ സ്വദേശമായ ഗുജറാത്തിലേക്കും പോയി. ഇതിനെതിരേ ചില സന്ന്യാസിമാരിൽ എതിർപ്പുമുണ്ടായി. അനുകൂല വിധി വന്നതോടെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത് ഇതിനാലാണ്.

രാമക്ഷേത്രനിർമാണത്തിനുള്ള തുടർപ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാലോചിക്കാൻ വി.എച്ച്.പി.യുടെ ഉന്നതതല യോഗം വൈകാതെ ചേരുമെന്ന് മേഖലാ വക്താവ് ശരത് ശർമയും പറഞ്ഞു.

Content Highlights: Ayodhya verdict, Supreme Court, Ram Mandir