നിർമോഹി അഖാഡ

ശ്രീരാമനെ ദൈവമായി ആരാധിക്കുന്ന, വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്ന്യാസവിഭാഗം. രാമനല്ലാതെ മറ്റു ലൗകിക മോഹങ്ങളില്ലാത്തവർ എന്ന അർഥത്തിലാണ് നിർമോഹി എന്ന പേരുവന്നത്.

രാജ്യത്തെ 14 അഖാഡകളിൽ ഒന്ന്. പ്രയാഗ് രാജിൽ 14-ാം നൂറ്റാണ്ടിൽ ജീവിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ ഒരാളായ രാമാനന്ദനെയാണ് സംഘത്തിന്റെ ഗുരുവായി കണക്കാക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി പ്രദേശം തങ്ങളുടെ കൈവശമുള്ള സ്ഥലമായിരുന്നു എന്നാണ് അഖാഡയുടെ വാദം. 1885-ൽ രാം ഛബൂത്രയിൽ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് അഖാഡ ആചാര്യൻ രഘുഭർ ദാസ് അയോധ്യയിലെ സബ് കോടതി മുന്നാകെ കേസ് ഫയൽ ചെയ്തെങ്കിലും തള്ളിപ്പോയി. 1989-ൽ അവർ ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം വേണമെന്നുകാണിച്ച് യു.പി. സർക്കാരിനെതിരേ ഹർജി നൽകി. 2010-ൽ അലഹാബാദ് ഹൈക്കോടതി സ്ഥലത്തിന്റെ മൂന്നിലൊരുഭാഗം സുന്നി വഖഫ് ബോർഡിനും രാം ലല്ലയ്ക്കും അഖാഡയ്ക്കും ഭാഗിച്ചുനൽകാൻ വിധിച്ചു.

ഗോപാൽ സിങ് വിശാരദ്

അയോധ്യയിൽ ജനിച്ച ഗോപാൽ സിങ് വിശാരദ് ആണ് 1950-ൽ തർക്കമുന്നയിച്ചു കോടതിയിലെത്തിയ ആദ്യ കക്ഷി. ആസ്ഥാൻ ജന്മഭൂമിയിലുള്ള വിഗ്രഹത്തെ പൂജിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫൈസാബാദിലെ സിവിൽ കോടതിയിലാണ് കേസ് ഫയൽചെയ്തത്. 1986-ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ രാജേന്ദ്രസിങ് കേസുമായി മുന്നോട്ടുപോയി.

രാം ലല്ല വിരാജ്മാൻ

രാമജന്മഭൂമിയിലെ പ്രതിഷ്ഠ. ജന്മഭൂമി ആയതിനാൽ ശൈശവരൂപത്തിൽ വിരാജിക്കുന്ന ശ്രീരാമൻ. സ്ഥലത്തെ താത്കാലിക ക്ഷേത്രത്തിലാണ് ഇപ്പോൾ പ്രതിഷ്ഠ. നിയമപ്രകാരം വ്യക്തിത്വമുള്ള എന്ന നിലയിൽ പ്രതിഷ്ഠ അന്യായക്കാരനാവുന്നത് 1989-ലാണ്. അന്ന് മുൻ ജഡ്ജിയും വിശ്വഹിന്ദു പരിഷത് പ്രസിഡന്റുമായിരുന്ന ദേവകിനന്ദൻ അഗർവാൾ ആയിരുന്നു സഖാ അഥവാ സുഹൃത്ത് എന്ന രീതിയിൽ രാം ലല്ലയെ നിയമവ്യവഹാരത്തിൽ പ്രതിനിധാനം ചെയ്തത്. ത്രിലോകി നാഥ് പാണ്ഡയ്ക്കാണ് ഇപ്പോൾ സഖാസ്ഥാനം.

മഹന്ദ് സുരേഷ് ദാസ്

അയോധ്യ കേന്ദ്രമാക്കിയുള്ള ദിഗംബർ അഖാഡയിലെ സന്ന്യാസിയാണ് മഹന്ത് സുരേഷ് ദാസ്. രാമജന്മഭൂമിയിൽ പ്രാർഥിക്കാനുള്ള അവകാശം വേണമെന്നാണ് ആവശ്യം. അന്നത്തെ മഹന്ത് രാം ചന്ദ്ര ദാസ് 1950-ൽ ഇതുസംബന്ധിച്ച് ഫൈസാബാദ് കോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നു.

അഖിലഭാരതീയ ശ്രീ രാം ജന്മഭൂമി പുനരുദ്ധാർ സമിതി

ക്ഷേത്ര പുനരുദ്ധാരണ സമിതി. ഹൈക്കോടതി വിധിക്കെതിരേ 2010-ൽ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു.

ഹിന്ദുമഹാസഭ

സർവദേശക് ഹിന്ദുസഭ 1921-ലാണ് അഖില ഭാരത് ഹിന്ദുസഭ എന്നു പേരുമാറ്റുന്നത്. 1905-ലെ ബംഗാൾവിഭജനവും 1906-ലെ മുസ്‌ലിംലീഗിന്റെ ജനനവും പ്രാദേശികമായ ഹിന്ദു മഹാസഭകളുടെ രൂപവത്കരണത്തിനു കാരണമായി. മദൻ മോഹൻ മാളവ്യ, ലാലാ ലജ്പത് റായ്, സവർക്കർ എന്നിവർ സഭയ്ക്കു നേതൃത്വം കൊടുത്തിട്ടുണ്ട്.

ഷിയ സെൻട്രൽ ബോർഡ് ഓഫ് വഖഫ്

ബാബറി പള്ളി നിർമിച്ച ബാബറുടെ സൈന്യാധിപൻ മിർ ബാഖ്വി ഷിയ വിഭാഗക്കാരനായതിനാൽ ബാബറി മസ്ജിദ് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. സുന്നി അവകാശവാദത്തിനെതിരേ അവർ 1946-ൽ സുപ്രീംകോടതിയെ സമീപിച്ചു. തർക്കസ്ഥലം ഹിന്ദുക്കൾക്കു വിട്ടുനൽകണം എന്ന നിലപാട്.

ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ്

1936-ൽ സ്ഥാപിതമായി. സുഫർ അഹമ്മദ് ഫാറൂഖിയാണ് ഇപ്പോഴത്തെ ചെയർമാൻ. സ്ഥലം തങ്ങൾക്കു കൈമാറണമെന്നും പള്ളിപ്പരിസരത്തുനിന്ന് വിഗ്രഹങ്ങൾ എടുത്തുമാറ്റണമെന്നും കാണിച്ച് 1961-ൽ ഫൈസാബാദ് കോടതിയിൽ കേസ് ഫയൽ ചെയ്തു. എം. സിദ്ദിഖ്, മുഹമ്മദ് ഹാഷിം അൻസാരി, ഹാജി മിസ്ബാഹുദ്ദീൻ, ഫാറൂഖ് അഹമ്മദ്, ഹാജി ഫെൻക്യൂ എന്നീ വ്യക്തികളും കേസിൽ കക്ഷികളായി.

Content Highlights: Ayodhya verdict, Supreme Court