ന്യൂഡല്‍ഹി: അയോധ്യ കേസില്‍ കോടതി വിധി പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പ്രമുഖ നേതാക്കള്‍. ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 

ഇന്ത്യയുടെ സാമൂഹ്യഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ വിധി സഹായിക്കും. ഏല്ലാവരും സമചിത്തതയോടെയും വിശാലമനസ്സോടെയും വിധിയെ ഉള്‍ക്കൊള്ളണം. സമാധാനവും ഒരുമയും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു, രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിധിയെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാഴികക്കല്ലാണ് ഈ വിധി. എല്ലാ മതവിഭാഗങ്ങളും നല്ല മനസ്സോടെ വിധിയെ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കോടതി വിധിയെ ബഹുമാനിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും പാരമ്പര്യത്തെ ശക്തിപ്പെടുത്തുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. 

സമാധാനവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമുദായവിഭാഗങ്ങളും കോടതി വിധിയെ ബഹുമാനിക്കണം. ഒരുമിച്ചു നില്‍ക്കുകയും പരസ്പര ബന്ധം ശക്തമാക്കുകയും വേണം, പ്രിയങ്ക ഗാന്ധി പറഞ്ഞു.

Content Highlights: Ayodhya Verdict- Politicians Appeal For Peace, ayodhya news, ram mandir, babri masjid, rajnath singh, amit shah, priyanka gandhi, congress