ന്യൂഡൽഹി: അയോധ്യ ഭൂമിതർക്കക്കേസിലെ സുപ്രീംകോടതിവിധി ആരുടെയും ജയമോ തോൽവിയോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും സമാധാനവും സൗഹാർദവും പുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

വിധി പുതിയ പ്രഭാതത്തിനു തുടക്കംകുറിച്ചിരിക്കുകയാണെന്നും ഇനി പുതുതലമുറ ഭാരതത്തെ മുന്നോട്ടുകൊണ്ടുപോകുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെ ആദ്യ പ്രതികരണമറിയിച്ച പ്രധാനമന്ത്രി, പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

“രാമഭക്തിയോ റഹിം ഭക്തിയോ ആകട്ടെ, രാഷ്ട്രഭക്തിയുടെ ആത്മാവിനെ നാം ബലപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌ പ്രധാനം. ഈ വിധി ആരുടെയെങ്കിലും ജയമോ തോൽവിയോ ആയി കാണരുത്” -അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി നിലനിന്ന പ്രശ്നം നീതിയുടെ ക്ഷേത്രം രമ്യമായി പരിഹരിച്ചെന്നുപറഞ്ഞ അദ്ദേഹം, ഈ വിധി ജുഡീഷ്യൽ സംവിധാനത്തിലുള്ള വ്യക്തികളുടെ വിശ്വാസം ഇനിയും ശക്തമാക്കുമെന്ന് അഭിപ്രായപ്പെട്ടു.

“ഇന്നത്തെ വിധിക്കുമുമ്പ് ഇന്ത്യയിലെ 130 കോടി ജനങ്ങൾ പുലർത്തിയ ശാന്തതയും സമാധാനവും സമാധാനത്തോടെയുള്ള സഹവർത്തിത്വമെന്ന ഇന്ത്യയുടെ സഹജമായ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നു. ഐക്യത്തിന്റെയും ഒരുമയുടെയും ഈ ചൈതന്യം നമ്മുടെ രാജ്യത്തിന്റെ വികസനപഥത്തെ ബലവത്താക്കട്ടെ. എല്ലാ ഇന്ത്യക്കാരെയും കരുത്തരാക്കട്ടെ.”

“നമ്മുടെ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യവും സുതാര്യതയും ദീർഘവീക്ഷണവും ഒരിക്കൽക്കൂടി ഉറപ്പിക്കുന്ന വിധിയാണിത്. സമാധാനവും സൗഹാർദവും പുലരട്ടെ” -അദ്ദേഹം പറഞ്ഞു.

ഐക്യത്തിന്റെ ദിനം

അയോധ്യാ വിധി വന്ന നവംബർ ഒമ്പതിന് പ്രത്യേക പ്രാധാന്യമുണ്ട്. യോജിപ്പിന്റെയും ഐക്യത്തിന്റെയും ദിവസമാണിത്. ഇരു ജർമനികളെയും വേർതിരിച്ച ബെർലിൻ മതിൽ തകർന്നത് നവംബർ ഒമ്പതിനാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ കർതാർപുർ ഇടനാഴി ശനിയാഴ്ച തുറന്നു. അയോധ്യാ വിധിയും അതുപോലെ യോജിപ്പിക്കലാണ്.

വെറുപ്പിനും ഭിന്നതയ്ക്കും ഇനി സ്ഥാനമില്ല. ഭരണഘടനയുടെയും നിയമത്തിന്റെയും ചട്ടക്കൂടിൽനിന്ന്, സമയമെടുത്തായാൽപോലും നമുക്ക് ഏതുപ്രശ്നവും പരിഹരിക്കാനാവുമെന്ന് വിധി ഓർമപ്പെടുത്തുന്നു -പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: Ayodhya Verdict, PM Narendra Modi, Supreme Court