ഹൈദരാബാദ്: കോടതിവിധിയിൽ തൃപ്തനല്ലെന്നും സുപ്രീംകോടതിക്കും തെറ്റുപറ്റാമെന്നും ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രസിഡന്റ് അസദുദീൻ ഒവൈസി. ഹൈദരാബാദിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കോടതിവിധിയിൽ തൃപ്തനല്ല. സുപ്രീംകോടതി സുപ്രീംകോടതിതന്നെയാണ്. പക്ഷേ, അതു തെറ്റിന് അതീതമല്ല. ഞങ്ങൾക്കു ഭരണഘടനയിൽ പൂർണവിശ്വാസമുണ്ട്. ഞങ്ങൾ നിയമപരമായ അവകാശത്തിനായാണു പോരാടിയത്. അഞ്ചേക്കർ ഭൂമി ദാനമായി ഞങ്ങൾക്ക് ആവശ്യമില്ല. എന്റെ അഭിപ്രായത്തിൽ, ഈ വാഗ്ദാനം നിരസിക്കുകയാണു വേണ്ടത്. ഞങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ട”-ഒവൈസി പറഞ്ഞു.

മുസ്‌ലിം വ്യക്തിനിയമ ബോർഡ് അംഗങ്ങളും വിധിയിൽ തൃപ്തരല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒവൈസിയുടെ വിമർശനം ‘താലിബാൻ മാനസികാവസ്ഥ’യുടെ പ്രതിഫലനമാണെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി കുറ്റപ്പെടുത്തി. ഇത്തരക്കാർക്ക് രാജ്യത്തെ നീതിന്യായസംവിധാനത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Ayodhya verdict Owaisi AIMIM Supreme Court