അയോധ്യ കേസിലെ സുപ്രീംകോടതിവിധിയിലൂടെ ഒരു രാഷ്ട്രം കോടതിയെക്കൂടി വിചാരണചെയ്യുകയായിരുന്നു. ഒപ്പം ഒരു ജനത, സ്വയം വിചാരണയ്ക്ക് വിധേയമാവുകയായിരുന്നു. ആത്യന്തികമായി ഇന്ത്യയുടെ മതേതരമൂല്യങ്ങളെയും ഭരണഘടനാതത്ത്വങ്ങളെയും ഈ വിധി ഗുണകരമായി സ്വാധീനിക്കുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടും. പരമോന്നത കോടതിയുടെ വിധിയെ രാജ്യത്തെ നിയമമെന്നനിലയിൽ അംഗീകരിക്കുമ്പോഴും അതിൽ പ്രതിഫലിക്കപ്പെട്ട സമീപനങ്ങളും തത്ത്വങ്ങളും വിശദമായ ചർച്ചകൾക്ക് വിധേയമാക്കപ്പെടണം. ആ ചർച്ചകൾ പക്ഷേ, നിയമവിധേയവും ജനാധിപത്യപരവും ക്രിയാത്മകവും ആയിരിക്കണമെന്നുമാത്രം. ജനങ്ങൾക്കിടയിലെ സാഹോദര്യവും മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വവും നിലനിർത്തിക്കൊണ്ടുമാത്രമേ നമുക്ക് ഭരണഘടനാമൂല്യങ്ങളെക്കുറിച്ചുപോലും ചർച്ചചെയ്യാൻ കഴിയൂ എന്നർഥം. 

സമൂഹത്തെയും അതിന്റെ സംസ്കാരത്തിന്റെയും മതേതരഭാവം ഉയർത്തുമ്പോഴാണ് ഒരു രാഷ്ട്രനിർമാണം സംഭവിക്കുന്നതെന്ന് എസ്.ആർ. ബൊമ്മെ കേസിൽ (1994) സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പാരമ്പര്യത്തിൽനിന്ന്‌ ആധുനികതയിലേക്കെത്തുന്നതിനുള്ള പാലമാണ് മതേതരത്വമെന്നും സുപ്രീംകോടതി അന്ന് പറഞ്ഞു. (വിധിയുടെ 182-ാം ഖണ്ഡിക) ഇന്ത്യയിലെ ഭിന്നവിശ്വാസങ്ങളുടെ ചരിത്രപശ്ചാത്തലത്തിൽ ‘ധനാത്മക മതേതരത്വം’ (positive secularism) എന്ന പരികല്പന സുപ്രീംകോടതി മുന്നോട്ടുവെച്ചതും ബൊമ്മെ കേസിലായിരുന്നു. ബാബറി മസ്ജിദ് പൊളിക്കാനായി മൂന്നുസംസ്ഥാനങ്ങളിലെ സംവിധാനങ്ങളെ അതത് സർക്കാരുകൾ ദുരുപയോഗപ്പെടുത്തിയത് മതേതരത്വത്തെ, അതുവഴി ഭരണഘടനയെത്തന്നെ അട്ടിമറിച്ച നടപടിയാണെന്നും അന്ന് കോടതി പറഞ്ഞു. 

ഇപ്പോഴത്തെ കോടതിവിധി, അതിനാൽ, ബൊമ്മെ കേസിലെ വിധിയുമായി തട്ടിച്ചുനോക്കിവേണം വായിക്കപ്പെടാൻ. 1949-ൽ പള്ളിയിൽ വിഗ്രഹം കാണാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ഒട്ടേറെ ചർച്ചകൾ ഉണ്ടായി. 1992-ൽ ബാബറി മസ്ജിദ് പൊളിച്ചത് തികഞ്ഞ നിയമലംഘനമാണെന്ന് സുപ്രീംകോടതി ഇപ്പോൾ വീണ്ടും പറഞ്ഞിരിക്കുന്നു. അത്രത്തോളം സുപ്രീംകോടതി ബൊമ്മെ കേസിലെ വിധിയെ പിന്തുടർന്നു എന്നുപറയാവുന്നതാണ്. എന്നാൽ, നിയമലംഘനത്തിന്റെ ഭവിഷ്യത്ത് നിയമലംഘകർ അനുഭവിക്കുന്നു എന്ന് ഉറപ്പുവരുത്താൻ സുപ്രീംകോടതിക്ക് കഴിഞ്ഞുവോ?  പള്ളിപൊളിച്ചത് നിയമലംഘനമായിരുന്നെങ്കിൽ അവിടെ പള്ളി പണിയാൻ നിർദേശിക്കുകയായിരുന്നില്ലേ കോടതി ചെയ്യേണ്ടിയിരുന്നത്? ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കപ്പെടാം.

ഭരണഘടനകൾ സ്വയം പ്രവർത്തിക്കുന്നവയല്ല. അതത് കാലഘട്ടത്തിലെ രാഷ്ട്രീയ കാലാവസ്ഥതന്നെയാണ് ഭരണഘടനകളുടെ വ്യാഖ്യാനത്തിലും പ്രയോഗത്തിലും പ്രസക്തമാകുന്ന അടിസ്ഥാനഘടകം എന്ന് മാർക് ടഷ്നറ്റ് (mark Tushnet) വിലയിരുത്തുന്നത് ശരിയാണ്. ബൊമ്മെ കേസിന്റെ കാലത്തുനിന്ന്‌ ഇന്ത്യൻ ജനാധിപത്യം മറ്റെവിടേക്കോ പോയിക്കഴിഞ്ഞിരിക്കുന്നു. കോടതികൾക്ക് ഭൂരിപക്ഷവിശ്വാസത്തിന് എതിരേനിന്നുകൊണ്ടുപോലും ഭരണഘടനാതത്ത്വങ്ങളെ മുറുകെപ്പിടിക്കുന്ന രീതി (counter majoritarian apporch) അവലംബിക്കാൻ പലപ്പോഴും കഴിയാതെ പോയി. കശ്മീർ, പൗരത്വം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ പല വിഷയങ്ങളിലും സമയോചിതമായ ഇടപെടൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയപ്പാർട്ടികളും സർക്കാരുകളും ഭൂരിപക്ഷഹിതം നോക്കി പ്രവർത്തിക്കുന്നവയാകാം. ചിലപ്പോൾ നിയമനിർമാണസഭകളും അങ്ങനെ പെരുമാറാം. കോടതികൾക്ക് പക്ഷേ, നിയമവും ഭരണഘടനയുംതന്നെയാണ് മാനദണ്ഡം. 

ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ച് സമ്പൂർണ നീതിക്കുവേണ്ടിയുള്ള സവിശേഷാധികാരം സുപ്രീംകോടതി ഈ കേസിലും പ്രയോഗിച്ചിട്ടുണ്ട്. അഞ്ചേക്കർ ഭൂമി ന്യൂനപക്ഷസമുദായത്തിന് നൽകണമെന്ന നിർദേശം അത്രത്തോളം നല്ലതുതന്നെ. വ്യത്യസ്ത വിഭാഗക്കാരുടെ താത്‌പര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമം കോടതിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നു. ഏതായാലും രാജ്യശരീരത്തിന് മുറിവേൽപ്പിച്ച ഒട്ടേറെ ദുരനുഭവങ്ങൾക്കുശേഷം സുപ്രീംകോടതി അതിന്റെ അന്തിമവിധി പറഞ്ഞിരിക്കുന്നു. തെറ്റിനതീതമായതുകൊണ്ട് ഞങ്ങളുടെ വിധി അന്തിമമാവുകയല്ല; മറിച്ച് അന്തിമമായതുകൊണ്ട് വിധി തെറ്റിനതീതമാവുകയാണ് എന്ന് അമേരിക്കൻ സുപ്രീംകോടതിയിലെ ജസ്റ്റിസ് ജാക്സൺ ദുസു സൂചിപ്പിച്ചത് അയോധ്യാവിധിക്കും ബാധകമാണ്. ഈ അന്തിമവിധി എത്രതന്നെ തെറ്റുകുറ്റങ്ങൾ അടങ്ങിയതാണെങ്കിലും രാജ്യത്തെ നിയമമെന്നനിലയിൽ സ്വീകരിക്കപ്പെടണം. ഉന്നതമായ മതേതരബോധവും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് പുതിയൊരിന്ത്യ സൃഷ്ടിക്കാൻ നമുക്ക് കഴിയണം. വിധി നൽകുന്ന സന്ദേശവും അതാണ്. 

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)