ന്യൂഡൽഹി: സുപ്രീംകോടതിവിധി മാനിക്കുന്നുവെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നുവെന്നും കോൺഗ്രസ്. സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽചേർന്ന പ്രത്യേക പ്രവർത്തകസമിതിയോഗം ഇക്കാര്യത്തിൽ പ്രമേയം പാസാക്കി.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും സൗഹാർദത്തിന്റെ ചൈതന്യവും ഉൾക്കൊണ്ട്, സമാധാനം പാലിക്കണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പ്രമേയം അഭ്യർഥിക്കുന്നു. കാലങ്ങളായി പുലർത്തിപ്പോരുന്ന മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് പാർട്ടിവക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

രാമക്ഷേത്രനിർമാണത്തെ കോൺഗ്രസ് അനുകൂലിക്കുന്നു. ഒരുപ്രത്യേക വിഭാഗത്തിന്റെ ജയമോ തോൽവിയോ അല്ല വിധി. അത് രാമക്ഷേത്രനിർമാണത്തിലേക്ക്‌ വാതിൽ തുറന്നിരിക്കുന്നു. അതിനൊപ്പം അയോധ്യയെയും രാജ്യത്തിന്റെ വിശ്വാസത്തെയും രാഷ്ട്രീയവത്കരിച്ച് ഭരണം നേടാനുള്ള ബി.ജെ.പി.യുടെയും മറ്റുള്ളവരുടെയും വാതിലുകളെ എന്നെന്നേക്കുമായി അടച്ചിരിക്കുന്നു. അധികാരമോഹത്തിന്റേതല്ല, വാക്കുപാലിക്കുന്നതിനായി ത്യാഗം സഹിച്ചതിന്റെ പ്രതീകമാണ് രാമൻ. വിഭജിക്കാനായി രാമൻറെ പേരുപയോഗിക്കുന്നവർ അദ്ദേഹത്തിന്റെ ചരിത്രമറിയാത്തവരാണ്.

നിയമപരമായ പരിഹാരംതേടാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ പ്രമേയത്തിൽ വ്യക്തമാക്കിയതാണ് കോൺഗ്രസിന്റെ തീരുമാനം” -കോൺഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു.

Content Highlights: Ayodhya verdict Congress Ram Mandir