യോധ്യ കേസില്‍ ഒരു നൂറ്റാണ്ടിലേറെനീണ്ട നിയമ വ്യവഹാരത്തിന്റെ അന്തിമ വിധിവരുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച രാവിലെ 10.30-ന് വിധി പറയുമ്പോള്‍ രാജ്യചരിത്രത്തിലെ ഏറ്റവും നീണ്ട വ്യവഹാരത്തര്‍ക്കങ്ങളിലൊന്നിനാണ് നിയമവഴിയിലൂടെ പരിഹാരമുണ്ടാകുന്നത്. വിശ്വാസവും അവകാശവും സംബന്ധിച്ച തര്‍ക്കങ്ങളില്‍ വികാരത്തള്ളിച്ചകള്‍ക്ക് രാജ്യത്തിനു വലിയ വില കൊടുക്കേണ്ടതായിവന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ജീവന്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. അത് ഒരു കാരണവശാലും ആവര്‍ത്തിക്കാതെ നോക്കുകയെന്ന ചുമതലയാണ് ഇപ്പോള്‍ രാജ്യത്തിനുള്ളത്.

രാജ്യത്തെ പരമോന്നത നീതിപീoമായ ഭരണഘടനാ കോടതിയുടെ വിധി എന്തുതന്നെയായാലും അത് പൂര്‍ണ സംയമനത്തോടെ സ്വീകരിക്കാനും അഭിമുഖീകരിക്കാനും നമുക്ക് കഴിയണം. വിശ്വാസലഹരിയല്ല, വിവേകത്തിന്റെ വിശുദ്ധിയാണ് രാജ്യത്തിന്റെ അതിജീവനപാത. രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കുക എന്നത് പ്രധാനമാണ്. വികാരാവേശങ്ങള്‍ കൊണ്ടുള്ള പ്രതികരണങ്ങള്‍ ഒരു നിലയ്ക്കും വിശ്വാസ സംബന്ധിയായ തര്‍ക്ക വിഷയങ്ങളില്‍ ഒരു പരിഹാരമേയല്ല. അത് കൈക്കൊള്ളുന്നത് ആരായാലും രാജ്യത്തിന്റെ മതസൗഹാര്‍ദ പാരമ്പര്യത്തിനാണ് ഉലച്ചിലുണ്ടാക്കുക. അതിനിടവരുത്താതെ രാജ്യത്തിന്റെ ഐക്യവും സൗഹൃദാന്തരീക്ഷവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അത് ഭരണത്തിലിരിക്കുന്നവരുടെ മാത്രം ചുമതലയല്ല, മുഴുവന്‍ ജനതയുടേതുമാണ്.

ഈ വിധിയെ രാജ്യം ഉറ്റുനോക്കുന്നതുപോലെ വിധിയെ എങ്ങനെയാണ് നമ്മള്‍ സ്വീകരിക്കുന്നത് എന്നറിയാന്‍ ലോകവും കാത്തിരിക്കുന്നുണ്ട്. ലോകത്തിനുമുന്നില്‍ നാം ഭരണഘടനാ വിധി അംഗീകരിക്കുന്ന ഒരൊറ്റ ജനതയായാണ് നിലകൊള്ളേണ്ടത്. നമ്മള്‍ പരസ്പരം പോരടിക്കുമ്പോഴാണ് നമുക്കിടയിലേക്ക് ദേശവിരുദ്ധര്‍ക്കും ഛിദ്രശക്തികള്‍ക്കും  ചേക്കേറാനുള്ള വഴിയൊരുങ്ങുന്നത്. അതിനിടയാക്കരുത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തുടങ്ങി പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കാണ് ഭരണഘടനാ കോടതി തീര്‍പ്പ് കല്പിക്കാന്‍ പോകുന്നത്. നാല്പതുദിവസം എല്ലാ വിഭാഗങ്ങളുടെയും വാദമുഖങ്ങള്‍ തുടര്‍ച്ചയായി കേട്ടാണ് ഭരണഘടനാ കോടതി നിശ്ചയദാര്‍ഢ്യത്തോടെ കേസ് തീര്‍ക്കാന്‍ ഒരുങ്ങുന്നത്. അയോധ്യയിലെ തര്‍ക്കഭൂമി രാം ലല്ല, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതിയുടെ 2010- ലെ വിധിക്ക് എതിരായ അപ്പീലുകളിലാണ് അഞ്ചംഗ ഭരണഘടനാ കോടതി അന്തിമവാദം കേട്ടത്. ഇതിനെക്കാള്‍ വലിയ പരിഗണന ഈ കേസിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടുമില്ല. അതുകൊണ്ട് തന്നെ പരിഹാരത്തിന്റെ ഭാഗത്തുനിന്നുള്ള വിധി പ്രസ്താവത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുക എന്നത് പ്രധാനമാണ്. എല്ലാ മതങ്ങള്‍ക്കും അതീതമായി രാജ്യം ഉയര്‍ത്തിപ്പിടിക്കുന്നത് ഭരണഘടനയുടെ ദീപശിഖയാണ്. അതാണ് രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത്. അതിന് കളങ്കമേല്‍പ്പിക്കാതെ കാത്തുസൂക്ഷിക്കുകയെന്നത് എല്ലാ മതവിഭാഗങ്ങളുടെയും കടമയാണ്.

ഈ വിധിയെ രാജ്യം ഉറ്റുനോക്കുന്നതുപോലെ അതിനെ എങ്ങനെയാണ് നമ്മള്‍ സ്വീകരിക്കുന്നത് എന്നറിയാന്‍ ലോകവും കാത്തിരിക്കുന്നുണ്ട് എന്ന് നാം തിരിച്ചറിയണം. ലോകത്തിനുമുന്നില്‍ നാം ഭരണഘടനാ വിധി അംഗീകരിക്കുന്ന ഒരൊറ്റ ജനതയായാണ് നിലകൊള്ളേണ്ടത്. പരസ്പരം പോരടിക്കുമ്പോഴാണ് നമുക്കിടയിലേക്ക് ദേശവിരുദ്ധര്‍ക്കും ഛിദ്രശക്തികള്‍ക്കും േേചക്കറാനുള്ള വഴിയൊരുങ്ങുന്നത്. അതിനിടയാക്കരുത്. വിഭജനത്തിന്റെ ഇനിയുമുണങ്ങാത്ത മുറിവില്‍ ഉപ്പുതേയ്ക്കാന്‍ മടിക്കാത്ത രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താന്‍ എല്ലാവരും ഒത്തൊരുമിക്കേണ്ട നിര്‍ണായകനിമിഷമാണ് വിധിപ്രസ്താവത്തിന്റെ വേള. നമുക്കാര്‍ക്കും നിയന്ത്രണമില്ലാത്ത കൊളോണിയല്‍ ഭൂതകാലത്തിലെ തര്‍ക്കത്തിന്റെ ന്യായവാദങ്ങളിലേക്ക് ആര്‍ക്കും ഇനി തിരിച്ചു പോകാനാകില്ല. നാമിപ്പോള്‍ ഒരു ജനാധിപത്യ സമൂഹമാണ്. ചരിത്രത്തിലൂടെ നമുക്ക് പിന്നോട്ടല്ല മുന്നോട്ടാണ് പോകാനുള്ളത്. അതാണ് വെളിച്ചം വീശേണ്ടത്. ഭരണഘടന നമ്മെ നയിക്കട്ടെ.

 

Content Highlight: Ayodhya case verdict, Mathrubhumi Editorial on 09/11/2019, Ayodhya Malayalam Kerala