ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിലൂടെ വ്യവഹാരങ്ങൾക്കു പരിഹാരമായെങ്കിലും അയോധ്യ വിഷയം ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും പ്രധാന രാഷ്ട്രീയ അജൻഡയായി തുടരും. രണ്ട് എം.പി.മാരിൽനിന്ന് 303 എം.പി.മാരിലേക്ക് പാർട്ടിയെ വളർത്തിയതിൽ ഈവിഷയം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കോടതിവിധിക്കുശേഷവും ബി.ജെ.പി.യുടെ രാഷ്ട്രീയമാപിനികളിൽ അയോധ്യയും രാമക്ഷേത്രവും സജീവഘടകങ്ങളായി തുടരും.

അൻപതുകൾമുതൽ ഹൈന്ദവസംഘടനകൾ ഉന്നയിക്കുകയും തൊണ്ണൂറുകൾമുതൽ ബി.ജെ.പി. മുദ്രാവാക്യമായി ഉയർത്തുകയുംചെയ്ത രാഷ്ട്രീയ അജൻഡയാണു ശനിയാഴ്ച സുപ്രീംകോടതി വിധിയിലൂടെ പുതിയഘട്ടത്തിലേക്കു കടക്കുന്നത്. 1980-ൽ രൂപവത്കരണ കാലംമുതൽ ബി.ജെ.പി.യുടെ അജൻഡയിൽ പ്രധാനമാണ് രാമക്ഷേത്രനിർമാണം. ജമ്മുകശ്മീരിനു പ്രത്യേകപദവി നൽകുന്ന 370-ാം അനുച്ഛേദം പിൻവലിക്കൽ, അനധികൃതകുടിയേറ്റം തടയൽ, ഏകീകൃത സിവിൽ കോഡ് തുടങ്ങിയവയ്ക്കൊപ്പം തീവ്രഹിന്ദുത്വ മുദ്രാവാക്യമായി അയോധ്യയും ബി.ജെ.പി. നിരന്തരം ഉന്നയിച്ചു.

ഉത്തർപ്രദേശ് സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും സാന്നിധ്യം വർധിപ്പിക്കാൻ അയോധ്യാപ്രശ്നം പലവട്ടം ബി.ജെ.പി.യെ സഹായിച്ചു. കൂട്ടുകക്ഷി സർക്കാരുകളുടെ ഭരണകാലത്ത് വിഷയം ഒതുക്കിവെക്കാനും ഒറ്റയ്ക്കു നയിച്ച സർക്കാരുകളുടെ കാലത്ത് സജീവമാക്കാനും ബി.ജെ.പി. കാട്ടിയ സാമർഥ്യവും ശ്രദ്ധേയമാണ്.

b

തേരോട്ടത്തിലൂടെ വേരോട്ടം

1986-ൽ ഒരു ജില്ലാകോടതി ഉത്തരവുപ്രകാരം ഹിന്ദുക്കൾക്കു പ്രാർഥനയ്ക്കായി മന്ദിരം തുറന്നുകൊടുത്തതാണ് ബി.ജെ.പി.യുടെ അയോധ്യാ നീക്കങ്ങൾക്കു കരുത്തുപകർന്നത്. 1990-ലെ ഭാരതമാതാ-ഗംഗാമാതാ യാത്ര, ക്ഷേത്രനിർമാണത്തിനായി ഗ്രാമങ്ങളിൽനിന്ന് ചുടുകട്ട ശേഖരിക്കൽ തുടങ്ങിയ പ്രചാരണപരിപാടികൾ അടിത്തറയൊരുക്കി.

അതേവർഷം ബി.ജെ.പി.യുടെ മുതിർന്നനേതാവ് എൽ.കെ. അദ്വാനി അയോധ്യാവിഷയം ഉയർത്തി രഥയാത്ര നടത്തിയതോടെ രാമക്ഷേത്രനിർമാണം രാഷ്ട്രീയവിഷയമായി. ക്ഷേത്രം ‘അവിടെത്തന്നെ നിർമിക്കും’ (മന്ദിർ വഹി ബനായേംഗേ) എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് രഥയാത്രയിലാണ്.

a

രഥയാത്ര ഉയർത്തിയ തീവ്രഹിന്ദുത്വവികാരം ഉത്തരേന്ത്യയിൽ ബി.ജെ.പി.യുടെ വേരോട്ടത്തിനു വളമായി. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ യു.പി.യിൽ ബി.ജെ.പി. ഭരണം പിടിച്ചു. ദേശീയതലത്തിലും സാന്നിധ്യം വർധിപ്പിച്ചു. 1992-ൽ കർസേവകർ മന്ദിരം തകർത്തതോടെ ഉണ്ടായ രാഷ്ട്രീയാന്തരീക്ഷം ഉപയോഗിക്കാനായി അയോധ്യ തിരഞ്ഞെടുപ്പുവിഷയമാക്കാൻ ബി.ജെ.പി. തീരുമാനിച്ചതാണ് അടുത്തഘട്ടം.

1996-ലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. ആദ്യമായി രാമക്ഷേത്രനിർമാണം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് 2019 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും അവരുടെ പ്രധാന പ്രചാരണ വിഷയമാണ് അയോധ്യ. ഇക്കാലയളവിൽ നടന്ന എല്ലാതിരഞ്ഞെടുപ്പിലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും എന്ന വാഗ്ദാനം ബി.ജെ.പി.യുടെ പ്രകടനപത്രികയിൽ ഇടംപിടിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനു ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് എല്ലാ മാർഗങ്ങളും തേടുമെന്നും നിർമാണം വേഗം യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നുമായിരുന്നു 2019-ലെ പ്രകടനപത്രികയിലെ വാഗ്ദാനം.

ജമ്മുകശ്മീരിലെ നടപടികൾ, അസം പൗരത്വപ്പട്ടിക എന്നിവയ്ക്കുശേഷം ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് അജൻഡയിലെ മറ്റൊരു പ്രധാന വിഷയത്തിലാണ് സുപ്രീംകോടതി തീർപ്പുകല്പിച്ചിരിക്കുന്നത്. എന്നാൽ, ഇതോടെ, അയോധ്യ ബി.ജെ.പി.യുടെ അജൻഡയിൽ അടഞ്ഞ അധ്യായമാകുന്നില്ല. പുതുതായി നിർമിക്കുന്ന രാമക്ഷേത്രവും ബി.ജെ.പി.യുടെ ഭാവികാല രാഷ്ട്രീയമാണ്.

Content Highlights: Ayodhya case, BJP, Ram Mandir