ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്കുനൽകുന്ന പ്രത്യേകാധികാരം വിനിയോഗിച്ചാണ് അയോധ്യാ കേസിൽ വിധിപറഞ്ഞ ഭരണഘടനാബെഞ്ച് സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി അനുവദിക്കാൻ സർക്കാരിനോടു നിർദേശിച്ചത്.

മുസ്‌ലിങ്ങൾക്ക് നീതി ലഭ്യമാക്കാൻ ഭൂമി അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് ഭരണഘടനാ ബെഞ്ച് പറഞ്ഞു. 1934-ൽ ബാബറി മസ്ജിദിന് കേടുവരുത്തിയതും 1949-ൽ അതിക്രമിച്ചുകയറി പ്രതിഷ്ഠ സ്ഥാപിച്ചതും 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തതും കടുത്ത നിയമലംഘനമാണ്. ഈ തെറ്റിനു പരിഹാരംകാണാനാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദം കോടതി ഉപയോഗിക്കുന്നത്.

മുസ്‌ലിങ്ങൾക്കു നൽകേണ്ട ആശ്വാസം എപ്രകാരമായിരിക്കണമെന്നത് പരിശോധിച്ചതിൽനിന്ന് അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് അനുവദിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. 1993-ലെ അയോധ്യാ നിയമമനുസരിച്ച് തർക്കമന്ദിരത്തോടുചേർന്ന് കേന്ദ്രസർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽനിന്നോ, അയോധ്യയിൽ സംസ്ഥാനസർക്കാരിന് ഉചിതമെന്നു തോന്നുന്ന സ്ഥലത്തോ ഭൂമി നൽകണമെന്നാണ് നിർദേശം.

നിയമവാഴ്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ മതേതരരാഷ്ട്രത്തിൽ മുസ്‌ലിങ്ങളുടെ അവകാശം കോടതി അവഗണിക്കുകയാണെങ്കിൽ നീതി നിഷേധമാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയ്ക്കുമുന്നിൽ എല്ലാ വിശ്വാസങ്ങളും തുല്യമാണ്. സഹിഷ്ണുതയും സഹവർത്തിത്വവും രാജ്യത്തിന്റെയും ജനങ്ങളുടെയും മതേതര പ്രതിബദ്ധതയെ പരിപോഷിപ്പിക്കുമെന്നും ബെഞ്ച് പറഞ്ഞു. ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നൽകണമെന്ന് ഭരണഘടനാ ബെഞ്ച് നിർദേശിച്ചതും 142-ാം അനുച്ഛേദപ്രകാരമാണ്. അഖാഡയ്ക്ക് ട്രസ്റ്റിൽ ഉചിതമായ സ്ഥാനം നൽകാനാണ് ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.

142-ാം അനുച്ഛേദം

കോടതിയുടെ മുന്നിലെത്തുന്ന വിഷയങ്ങളിൽ നീതി ഉറപ്പാക്കാനായി ഉത്തരവിറക്കാൻ സുപ്രീംകോടതിക്ക് അധികാരം നൽകുന്നതാണ് 142-ാം അനുച്ഛേദം. ഈ അനുച്ഛേദപ്രകാരം സുപ്രീംകോടതി നൽകുന്ന നിർദേശം അനുസരിക്കാൻ എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ബാധ്യസ്ഥമാണ്.

Content Highlights: Ayodhya case: 5 acres of land for mosque Article 142