ന്യൂഡല്‍ഹി: അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.

രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ട്രസ്റ്റിന് വിട്ടുനല്‍കണമെന്ന് കോടതി വിധിച്ചു. അതോടൊപ്പം, പള്ളി നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും വിധിയില്‍ പറയുന്നു. മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

പുരാവസ്തു ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതതെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പള്ളി നിര്‍മിക്കപ്പെട്ടതിന് അടിയില്‍ ഒരു നിര്‍മിതി ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഉടമസ്ഥാവകാശം സ്ഥാപിക്കാനാകില്ല; അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാല്‍ പോലും- എന്നും കോടതി നിരീക്ഷിച്ചു.

1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെച്ച സംഭവവും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായിരുന്നു. ഇത് സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍

  • പള്ളിയുടെ ഉള്ളിലായിരുന്നു മുസ്ലിങ്ങള്‍ നമസ്‌കാരം നടത്തിയിരുന്നത്. പള്ളി മുസ്‌ളിങ്ങള്‍ ഒരു കാലത്തും ഉപേക്ഷിച്ചിരുന്നില്ല. രേഖകള്‍ പ്രകാരം 1857ന് മുന്‍പ് പള്ളിക്ക് ഉള്ളില്‍ പ്രാര്‍ഥന നടത്താന്‍ ഹിന്ദുക്കള്‍ക്ക് തടസ്സമുണ്ടായിരുന്നില്ല. 
  • നിര്‍മോഹി അഖാഡയുടെ ഹര്‍ജികള്‍ തള്ളി. സുന്നി വഖഫ് ബോര്‍ഡിന്റെയും രാംലല്ല വിരാജ്മാന്റെയും ഹര്‍ജികളിലാണ് കോടതി വിധിപറഞ്ഞത്. തര്‍ക്കഭൂമി മൂന്നായി വിഭജിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി തള്ളി. 
  • രാമന്റെ ജന്‍മസ്ഥലത്തിന് നിയമപരമായ വ്യക്തിത്വമില്ല. എന്നാല്‍ രാമന് നിയമപരമായ വ്യക്തിത്വമുണ്ട്.  
  • ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ക്ക് ആധികാരികതയുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് ഈ കണ്ടെത്തല്‍ മാത്രം പോരാ. പുരാതന യാത്രികരുടെ യാത്രാവിവരണങ്ങളെ കരുതലോടെ കണക്കിലെടുക്കണം. വിശ്വാസങ്ങളും ആചാരക്രമങ്ങളുമൊക്കെ കോടതിയുടെ പരിശോധനയ്ക്ക് അപ്പുറമുള്ള കാര്യങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.
  • നിര്‍മോഹി അഖാഡയ്ക്ക് നടത്തിപ്പിന്റെ ചുമതല മാത്രമാണുള്ളതെന്ന് കോടതി പറഞ്ഞു. അവര്‍ക്ക് പുരോഹിത വൃത്തിക്കുള്ള അവകാശമില്ല.
  • ജഡ്ജിമാര്‍ ഏകകണ്ഠമായാണ് വിധിപ്രസ്താവിക്കുന്നതെന്ന് വിധിപ്രസ്താവനയ്ക്ക് മുന്നോടിയായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിശ്വാസവും ആചാരങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് വായിക്കാം

 

Content Highlights: Ayodhya verdict: Disputed land to be handed over to trust for temple, plot for Sunni Board, ayodhya news,ram mandir,babri masjid,supreme court,ram mandir,ram janmabhoomi land dispute