ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്.

Live Updates...

വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. രാജ്യത്തെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. 

അയോധ്യയിലടക്കം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. യുപിയിലേയും മധ്യപ്രദേശിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിയില്‍ തിങ്കളാഴ്ച വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഡല്‍ഹിയിലും ബെംഗളൂരുവിലും ഭോപ്പാലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍ രാവിലെ ഏഴ് മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് നിരോധനാജ്ഞ.

കാസര്‍കോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. മഞ്ചേശ്വരം കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ്,കാസര്‍കോഡ് എന്നീ പോലീസ് സ്‌റ്റേഷന്റെ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 11-ാം തിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.

2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്.

സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദില്‍ നടത്തിയ മധ്യസ്ഥചര്‍ച്ചകള്‍ ഫലം കാണാഞ്ഞതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് ആറു മുതല്‍ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തില്‍ വാദം തുടങ്ങിയത്.

Content Highlights: Ayodhya verdict live updates, supremecourt, ayodhya verdict kerala, ayodhya supreme court verdict, Ayodhya Verdict,ayodhya news,ram mandir,babri masjid,supreme court,ram mandir,ram janmabhoomi land dispute