ന്യൂഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

അയോധ്യ കേസില്‍ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് വിവിധകക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്ന കോടതി, ഈ ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് മൂന്നംഗ ബെഞ്ച് രൂപവത്കരിച്ചേക്കും. 

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നുകക്ഷികള്‍ക്കായി വീതിച്ചുനല്‍കാനായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് വിവിധകക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസ് ജനുവരിയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

Content Highlights: ayodhya case; supreme court will hear petitions on january four