തേജസ്വി സൂര്യ, ജ്യോതിരാദിത്യ സിന്ധ്യ | ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: പറന്നുയരുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ അടിയന്തര വാതില്‍ തുറന്നത് യുവമോര്‍ച്ചാ നേതാവും ബിജെപി എംപിയുമായ തേജസ്വി സൂര്യയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തേജസ്വി സൂര്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'വസ്തുതകള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്. എല്ലാ പരിശോധനകളും കഴിഞ്ഞ് വിമാനത്തിന് പറന്നുയരാനുള്ള അനുമതി ലഭിച്ചശേഷം റണ്‍വേയില്‍വെച്ച് അബദ്ധത്തില്‍ അദ്ദേഹം വാതില്‍ തുറക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു', സിന്ധ്യ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ ഡിസംബര്‍ 10-ന് ഉണ്ടായ സംഭവം വിവാദമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങിത്തുടങ്ങുമ്പോള്‍ ഒരു യാത്രക്കാരന് അടിയന്തര വാതില്‍ തുറക്കുകയും ഇതിനേത്തുടര്‍ന്ന് വിമാനം രണ്ടുമണിക്കൂര്‍ വൈകുകയും ചെയ്തിരുന്നു. വാതില്‍ തുറന്ന യാത്രക്കാരന്റെ പേരുവിവരം ഡി.ജി.സി.എ.യോ ഇന്‍ഡിഗോ അധികൃതരോ പുറത്തുവിട്ടിരുന്നില്ല. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് തേജസ്വി സൂര്യയും തയ്യാറായില്ല.
സംഭവം നടന്ന് ഒരു മാസത്തിനുശേഷം വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു ശേഷമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) സംഭവം സ്ഥിരീകരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും. ഇന്‍ഡിഗോ വിമാനത്തിന്റെ വാതില്‍തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് കര്‍ണാടകത്തിലെ ബി.ജെ.പി. എം.പി. തേജസ്വി സൂര്യയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്കൊപ്പമാണ് തേജസ്വി സൂര്യ വിമാനത്തില്‍ കയറിയതെന്ന് സഹയാത്രികര്‍ പറയുന്നു. അബദ്ധം മനസ്സിലായപ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്തി. വിമാനാധികൃതര്‍ അത് എഴുതിവാങ്ങുകയും ചെയ്തു. തേജസ്വി സൂര്യയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Content Highlights: Aviation Minister Jyotiraditya Scindia On Row Over Tejasvi Surya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..