ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓട്ടോറിക്ഷ നിരക്ക് 18.75 ശതമാനം ഉയര്‍ത്തി. പുതുക്കിയ ചാര്‍ജ് ഇന്ന് മുതല്‍ നിലവില്‍ വരും. കിലോമീറ്ററിന് എട്ട് രൂപ മുതല്‍ 9.5 രൂപവരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
യാത്രക്കാരന്റെ ലഗേജുകള്‍ക്ക് 7.5 രൂപ കൂടുതല്‍ ഈടാക്കും. അതോടൊപ്പം സവാരിക്കിടെ വണ്ടി ട്രാഫിക്ക് ജാമില്‍ കുടുങ്ങുന്ന ഓരോ മിനുട്ടിനും 75 പൈസ വീതവും ഈടാക്കും. എന്നാല്‍ ഓട്ടോറിക്ഷയിലെ മീറ്ററുകളില്‍ പുതുക്കിയ നിരക്കിനനുസരിച്ച് പുനക്രമീകരിച്ചതിന് ശേഷമേ പുതിയ നിരക്ക് ഈടാക്കാന്‍ കഴിയുള്ളു. ഡല്‍ഹിയിലെ 90,000ഓളം വരുന്ന ഓട്ടോകളുടെ മീറ്ററുകള്‍ പുനക്രമീകരിക്കാന്‍ ഒരു മാസത്തോളം സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. 2013 തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ എ.എ.പിക്ക് വേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അധികാരത്തിലേറിയ കെജ്രിവാള് ഓരോ വര്‍ഷവും നിരക്ക് പരിഷ്കരണം ഉറപ്പ് നല്‍കിയിരുന്നു.
നേരത്തെ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവധിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഡല്‍ഹി മെട്രോ തലവന്‍ ഇ ശ്രീധരന് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
content highlights: Auto-Rickshaw Fares Hiked By Over 18% In Delhi