രജ്വീന്ദർ സിങ് | Photo : ANI
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായ പ്രതി രാജ്വിന്ദര് സിങ്. 2018-ലാണ് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലെ ബീച്ചില്‍വെച്ച് രാജ്വിന്ദര്, ടോയ കോര്‍ഡിങ്ലി (24)യെ കൊലപ്പെടുത്തിയത്. രണ്ടുദിവസത്തിനു ശേഷം ഓസ്ട്രേലിയയില്‍നിന്ന് ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തിരുന്നു.
ബീച്ചില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു ടോയ. അവരുടെ വളര്‍ത്തുനായ തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് രാജ്വിന്ദര് അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ക്വീന്‍സ് ലാന്‍ഡിലെ വാന്‍ഗെറ്റി ബീച്ചില്‍ വെച്ചായിരുന്നു കൊലപാതകം. ഫാര്‍മസി ജീവനക്കാരിയായിരുന്നു ടോയ.
'ഓസ്ട്രേലിയയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന രാജ്വിന്ദര്, ഭാര്യയുമായി വഴക്കിട്ട ശേഷമാണ് ബീച്ചിലേക്ക് പോയത്. പഴങ്ങളും വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു പിച്ചാത്തിയും ഇയാള്‍ കയ്യില്‍ കരുതിയിരുന്നു. ആ സമയത്ത് ടോയയും നായയുമായി ബീച്ചിലുണ്ടായിരുന്നു. യുവതിയുടെ നായ രാജ്വിന്ദറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങിയതാണ് ഇയാളെ പ്രകോപിതനാക്കിയത്. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്'- ഡല്‍ഹി പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല നടത്തിയ ശേഷം ടോയയുടെ മൃതദേഹം ഇയാള്‍ ബീച്ചിലെ മണലില്‍ കുഴിച്ചിട്ടു. നായയെ അടുത്തുള്ള മരത്തിലും കെട്ടിയിട്ടു. സംഭവത്തിന് രണ്ടു ദിവസത്തിനുശേഷം ഭാര്യയെയും മക്കളെയും ജോലിയുമൊക്കെയുപേക്ഷിച്ച് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നു. പിന്നീട്, ഇന്റര്‍പോള്‍ രാജ്വിന്ദറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുറ്റവാളി കൈമാറ്റച്ചട്ട പ്രകാരം, പാട്യാല ഹൗസ് കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. രാജ്വിന്ദറിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചരക്കോടിയായിരുന്നു ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ വാഗ്ദാനം.
ഡല്‍ഹിയിലെ ജി.ടി. കര്‍ണാള്‍ റോഡിനടുത്തുനിന്നുമാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഇയാളെ പിടികൂടിയത്. ഡല്‍ഹി കോടതി ഇയാളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
Content Highlights: punjabi man, accused in killing australian woman, revealed murder reason as dog barking at him
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..