ഔറംഗാബാദ്: നാടുപിടിക്കാന്‍ കാല്‍നടയായി ഇറങ്ങിത്തിരിച്ചവരായിരുന്നു മഹാരാഷ്ട്ര ഔറംഗാബാദില്‍ തീവണ്ടിയപടകത്തില്‍ മരിച്ച പതിനാറുപേര്‍. മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഉരുക്കുകമ്പനിയില്‍ ജോലിനോക്കിയിരുന്ന തൊഴിലാളികളാണ് ഔറംഗാബാദിനടുത്ത് കര്‍മാഡില്‍വെച്ച് തീവണ്ടിച്ചക്രങ്ങള്‍ക്കടിയില്‍പ്പെട്ടത്.
'ഞാന്‍ അവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതാണ്. പക്ഷേ അവര്‍ അറിഞ്ഞില്ല. അവര്‍ക്ക് മുകളിലൂടെ തീവണ്ടി കയറിയിറങ്ങി.' ധീരേന്ദ്ര സിങ് ഓര്‍ക്കുന്നു. സംഘത്തിലുണ്ടായിരുന്ന ധീരേന്ദ്ര സിങ് ഉള്‍പ്പടെ മൂന്നുപേര്‍ മാത്രമാണ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടത്.
'ഞങ്ങളെല്ലാവരും മധ്യപ്രദേശില്‍ നിന്നുള്ളവരാണ്. ഞങ്ങള്‍ ജല്‍നയിലെ എസ്ആര്‍ജി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ ഗ്രാമത്തിലേക്കുള്ള മടക്കത്തിലായിരുന്നു. വ്യാഴാഴ്ച ഏഴുമണിയോടെയാണ് റൂമില്‍ നിന്ന് ഇറങ്ങുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ട്രെയിന്‍ അപകടമുണ്ടായ സ്ഥലത്ത് ഞങ്ങള്‍ നടന്നെത്തി. വിശ്രമിക്കുന്നതിന് വേണ്ടി കുറച്ചുനേരം അവിടെയിരുന്നു. അപകടത്തില്‍ മരിച്ച എല്ലാവരും ഞങ്ങള്‍ മുന്നുപേരില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലത്തില്‍ മാത്രമാണ് കിടന്നിരുന്നത്. അവര്‍ ട്രാക്കില്‍ വിശ്രമിക്കാനിരുന്നതാണ്. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ഞാനും മറ്റു രണ്ടുപേരും ട്രാക്കില്‍ നിന്നല്പം മാറിയാണ് കിടന്നിരുന്നത്. കുറച്ചുസമയത്തിനുള്ളില്‍ ട്രെയിന്‍ എത്തി. ഞാന്‍ അവരോട് ട്രെയിന്‍ വരുന്നുണ്ടെന്ന് പറയാനായി വിളിച്ചു. പക്ഷേ അവര്‍ കേട്ടില്ല. അവര്‍ക്ക് മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി.ഒരാഴ്ച മുമ്പ് ഞങ്ങള്‍ പാസ്സിനായി അപേക്ഷിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഞങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കൈയിലെ പണം തീര്‍ന്നതോടെയാണ് നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചത്.' - ധീരേന്ദ്ര സിങ് പറയുന്നു.
മധ്യപ്രദേശിലെ ഉമരിയ, ശഹ്ദോല്‍ മേഖലകളില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ നിവൃത്തിയില്ലാതെ നാട്ടിലേക്ക് നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ ജല്‍നയില്‍നിന്ന് ഭുസാവല്‍ ലക്ഷ്യമാക്കി റോഡുവഴി യാത്രപുറപ്പെട്ട തൊഴിലാളിസംഘം ബദ്നാപ്പുരെത്തിയപ്പോള്‍ നടത്തം തീവണ്ടിപ്പാളത്തിലേക്കുമാറ്റി.
36 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തളര്‍ന്നവശരായി പാളത്തിലിരുന്ന സംഘം അവിടെക്കിടന്ന് ഉറങ്ങിപ്പോയി. 14 പേര്‍ പാളത്തില്‍ത്തന്നെയാണ് കിടന്നത്. രണ്ടുപേര്‍ പാളത്തിനോടുചേര്‍ന്നും മൂന്നുപേര്‍ അല്‍പം മാറിയും. തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍നിന്ന് മഹാരാഷ്ട്രയിലെ പാനിവാഡിയിേലക്ക് പോവുകയായിരുന്ന എണ്ണടാങ്കറാണ് രാവിലെ 5.22-ഓടെ ഇവര്‍ക്കുമേല്‍ പാഞ്ഞുകയറിയത്.
ബദ്നാപ്പുര്‍ സ്റ്റേഷന്‍ പിന്നിട്ടയുടന്‍ ലോക്കോപൈലറ്റ് പാളത്തിലിരുന്നവരെ കണ്ടെന്നും ഹോണ്‍ മുഴക്കി മുന്നറിയിപ്പുനല്‍കിയെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ വക്താവ് സി. എച്ച്. രാജേഷ് പറഞ്ഞു. ഉണര്‍ന്നെണീറ്റവര്‍ മറ്റുള്ളവരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 14 പേര്‍ സംഭവസ്ഥലത്തും സാരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. മാറിക്കിടന്ന മൂന്നുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. പാളത്തിലൂടെ നടക്കുന്നത് അനധികൃതമായി കണക്കാക്കുന്ന റെയില്‍വേ നഷ്ടപരിഹാരമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ രാം കൃപാലിനാണ് അന്വേഷണച്ചുമതല.
Content Highlights: Aurangabad Train mishap: Eye witness narrates the incident