കാണ്‍പുര്‍: ഭര്‍തൃ സഹോദരന് ആണ്‍കുഞ്ഞ് പിറന്നതില്‍ അസൂയ പൂണ്ട സ്ത്രീ 18 ദിവസം പ്രായമുളള കുഞ്ഞിനെ ആസ്പത്രിക്കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു.

ഉത്തര്‍ പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. ഗുരുതരമായ പരിക്കുകളേറ്റ കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

അസുഖം ബാധിച്ചതു മൂലം ആഗസ്ത് 31 മുതല്‍ കാണ്‍പൂരിലെ കല്ല്യാണ്‍പൂരിലുള്ള ലെ ശ്യാം മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ അമ്മയായ അല്‍ക്കയും അച്ഛന്റെ സഹോദരന്റെ ഭാര്യ സരിതയുമായിരുന്നു ആസ്പത്രിയിലുണ്ടായിരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കുഞ്ഞിനെ കാണുന്നില്ല എന്ന് സരിത തന്നെയാണ് ബഹളമുണ്ടാക്കി അറിയിച്ചത്. ഉടന്‍ തന്നെ ആസ്പത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തിലുള്ള ഇരുമ്പ് വലയില്‍ കുട്ടി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

കുട്ടിയെ ആരോ വലിച്ചെറിഞ്ഞതാണെന്ന് മനസിലായ പോലീസ് ആസ്പത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബന്ധുവായ സരിത തന്നെയാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്.

പുലര്‍ച്ചെ മൂന്നരയോടെയാണ് സരിത  മൂന്നാം നിലയിലെ ബാല്‍ക്കെണിയില്‍ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞത്.

മൂന്നു പെണ്‍കുട്ടികളുടെ മാതാവാണ് സരിത. ഭര്‍തൃ സഹോദരന് ആണ്‍കുട്ടി ജനിച്ചതിന്റെ അസൂയ കാരണമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സരിത വെളിപ്പെടുത്തി.  

താഴേക്കറിഞ്ഞ കുഞ്ഞ് അടുത്ത കെട്ടിടത്തിന് മുകളിലെ കമ്പി വലയില്‍ കുടുങ്ങിയതു കാരണം മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് കുഞ്ഞിനെ അവിടെ നിന്ന് രക്ഷപ്പെടുത്തിയത്.

സരിതയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.