അശോക് ഗഹലോത്ത്. Photo: PTI
ജയ്പുര്‍: രാജസ്ഥാനിലെ അശോക് ഗഹലോത്ത് സര്‍ക്കാറിനെ വീഴ്ത്തുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ ടേപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്തുന്നതിനെ കുറിച്ചാണ് സംഭാഷണങ്ങള്‍.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഈ ഓഡിയോ ടേപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു തുടങ്ങിയതെന്ന ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ ഓഡിയോ ടേപ്പുകളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
എട്ടുമിനിട്ട് ദൈര്‍ഘ്യമുള്ള മൂന്നു ഓഡിയോ ടേപ്പുകളാണ് പ്രചരിക്കുന്നത്. വിവിധ ആളുകള്‍ സംസാരിക്കുന്നതും കേള്‍ക്കാം. ഗഹലോത്ത് സര്‍ക്കാരിനെ വീഴ്ത്താന്‍ എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി വിടുന്നതിന് ആദ്യഗഡു പണം കൈമാറിയതിനെ കുറിച്ചും സംസാരത്തിലുണ്ട്.
സര്‍ക്കാരിനെ വീഴ്ത്തണമെങ്കില്‍ കൂടുതല്‍ എം.എല്‍.എമാരെ ആവശ്യമുണ്ടെന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. അതേസമയം, സര്‍ക്കാരിന് അധിക കാലം തുടരാനാകില്ലെന്ന് മറ്റൊരാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും കേള്‍ക്കാം. സര്‍ക്കാരിനെ താഴെയിറക്കാന്‍ പത്തു മുതല്‍ പതിനഞ്ച് ദിവസം വേണ്ടിവരുമെന്നും പറയുന്നുണ്ട്.
സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ഓഡിയോ ടേപ്പുകള്‍ എന്ന് രാജസ്ഥാന്‍ പി.സി.സി. അധ്യക്ഷന്‍ ഗോവിന്ദ് സിങ് ഡോടാസര ട്വീറ്റ് ചെയ്തു. എന്നാല്‍ ടേപ്പുകള്‍ ആധികാരികമാണെന്ന് കരുതുന്നില്ലെന്ന് ബി.ജെ.പി. വക്താവ് മുകേഷ് പരീക്ക് പറഞ്ഞു. ചാനലുകള്‍ പോലും ഇതിന്റെ ആധികാരികത ഉറപ്പാക്കുന്നില്ല. അന്വേഷണത്തിനാണ് ഈ ഗൂഢാലോചനയുടെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കുക. ഇത് കോണ്‍ഗ്രസിന്റെ ഗൂഢാലോചയാണെന്നാണ് തോന്നുന്നത്- അദ്ദേഹം പറഞ്ഞു.
content highlights: audio tapes of talks to topple ashok gehlot government in rajastan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..