ബെംഗളൂരു: ജനതാദള്‍ എസ് എം.എല്‍.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകനുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. ദേവ്ദുര്‍ഗിലെ ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു നാഗനഗൗഡയുടെ മകന്‍ ശാരണഗൗഡയെ കണ്ടതെന്നും എന്നാല്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ശാരണഗൗഡ തന്നെ കാണാനെത്തിയതെന്നും യെദ്യൂരപ്പ ആരോപിച്ചു. 

താനുമായുള്ള സംഭാഷണമെല്ലാം ശാരണഗൗഡ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സംഭാഷണത്തിലെ പ്രധാനഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് ഇപ്പോള്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇത് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹമാണ് ശാരണഗൗഡയെ അയച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു.

ശാരണഗൗഡയുമായി താന്‍ സംസാരിച്ചുവെന്നത് സത്യമാണ്. എന്നാല്‍ എല്ലാകാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. സ്പീക്കറെ വിലക്കെടുക്കുമെന്ന് പറഞ്ഞതായുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. സ്പീക്കര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. അദ്ദേഹം സത്യസന്ധനായ വ്യക്തിയാണ്. സത്യസന്ധമല്ലാത്ത കാര്യങ്ങളാണ് കുമാരസ്വാമി തനിക്കെതിരേ ആരോപിക്കുന്നത്- യെദ്യൂരപ്പ വിശദീകരിച്ചു. 

ജനതാദള്‍ എം.എല്‍.എ. നാഗനഗൗഡയെ കൂറുമാറ്റാന്‍ യെദ്യൂരപ്പ അദ്ദേഹത്തിന്റെ മകന് പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്‌തെന്നായിരുന്നു കോണ്‍ഗ്രസിന്റെയും കുമാരസ്വാമിയുടെയും ആരോപണം. ഇതിനുതെളിവായി ശബ്ദരേഖയും അവര്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ നേരത്തെ ശബ്ദരേഖ വ്യാജമാണെന്നും ആരുമായും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വാദിച്ച യെദ്യൂരപ്പ മണിക്കൂറുകള്‍ക്കമാണ് അത് തിരുത്തിയത്.

Content Highlights: audio tape controversy in karnataka, yeddyurappa admits that he had met with mla's son