ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും തമ്മിലുള്ള ബന്ധം വഷളാവുന്നതായി റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മടിച്ചത് ഉള്‍പ്പടെയുള്ള വിഷയത്തിലാണ് എ.ജിയും സര്‍ക്കാരും തമ്മില്‍ ഭിന്നത ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് വേണുഗോപാല്‍ എ.ജി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്തു. 

ചീഫ് ജസറ്റിസിനെതിരായ പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയിലേക്ക് സുപ്രീം കോടതിയുടെ പുറത്ത് നിന്നുളള അംഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നകത്ത് അറ്റോര്‍ണി ജനറല്‍ ഒരാഴ്ച മുന്‍പ് എല്ലാ സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്കും അയച്ചിരുന്നു. സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചീഫ് ജസ്റ്റിസിന് അനുകൂലമായ സംസാരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അറ്റോര്‍ണി ജനറല്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നത്. 

രഞ്ജന്‍ ഗൊഗോയ് കേസില്‍ അറ്റോര്‍ണി ജനറല്‍ നടത്തിയ ഈ ഇടപെടലാണ് കേന്ദ്ര സര്‍ക്കാരിന് അനിഷ്ടമുണ്ടാക്കിയതെന്നാണ് സൂചന. ഇതിലുള്ള അതൃപ്തി സര്‍ക്കാര്‍ വൃത്തങ്ങള്‍ എ.ജിയെ അറിയിക്കുകയും എ.ജി ജഡ്ജിമാര്‍ക്ക് എഴുതിയ കത്ത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്ന കാര്യം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് എ.ജി വീണ്ടുമൊരു കത്ത് ജഡ്ജിമാര്‍ക്ക് എഴുതുകയും ഈ കത്തില്‍ തന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ഇതിന് സര്‍ക്കാരുമായി ബന്ധമില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.

ഇത്ര പ്രമാദമായ ഒരു കേസില്‍ സര്‍ക്കാരുമായി ഇത്ര വലിയ അഭിപ്രായ ഭിന്നത ഉണ്ടായതാണ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. സ്ഥാനം രാജി വെച്ച് തന്റെ നിലപാട് സംരക്ഷിക്ഷിച്ച് മുന്നോട്ട് പോകാനാണ് എ.ജിയുടെ തീരുമാനം. രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന നിയമജ്ഞരില്‍ ഒരാളാണ് കെ.കെ വേണുഗോപാല്‍. 

content highlights: Attorney General KK Venugopal May Quit