ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. ലണ്ടനില്‍ നടന്ന ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കും കോണ്‍ഗ്രസിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ തയ്യാറാകണം. തെരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കപില്‍ സിബലിനും കോണ്‍ഗ്രസിനുമെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ലണ്ടനില്‍ നടന്ന പരിപാടി കോണ്‍ഗ്രസ് സ്പോണ്‍സര്‍ചെയ്തത് ആയിരുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഉന്നയിച്ചത്.
പരിപാടിയില്‍ കപില്‍ സിബലിന്റെ സാന്നിധ്യം അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പരിപാടിക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിയായാണ് അദ്ദേഹം ലണ്ടനില്‍ പോയതെന്നും കപില്‍ സിബല്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് സിബല്‍ രംഗത്തെത്തിയത്.
കേന്ദ്രമന്ത്രി എന്തിനാണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. സൈബര്‍ വിദഗ്ധന്റെ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. ലണ്ടനില്‍ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ച ആശിഷ് റായ്യുടെ അതിഥിയായാണ് അവിടേക്ക് പോയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അദ്ദേഹം ക്ഷണിച്ചിരുന്നുവെന്നും സിബല്‍ അവകാശപ്പെട്ടു.
സൈബര്‍ വിദഗ്ധന്‍ സയീദ് ഷുജയ്ക്കുനേരെ വെടിവെപ്പുണ്ടായെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ടെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. തന്റെ വീട് അഗ്നിക്കിരയാക്കിയെന്നും മാതാപിതാക്കളെ ചുട്ടുകൊന്നുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. അതേക്കുറിച്ചെല്ലാം അന്വേഷണം വേണം. വെളിപ്പെടുത്തലുകള്‍ ശരിയോ തെറ്റോ എന്ന് താന്‍ പറയുന്നില്ല. എന്നാല്‍, ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. അന്വേഷിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
Content Highlights: Kapil Sibal, EVMs, London, BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..