പ്രതീകാത്മക ചിത്രം | Photo : SAM PANTHAKY / AFP
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേസില്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിപ്പിക്കണമെന്ന സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണകമ്പനിയായ വിവോയുടെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്കി. ജൂലൈ 13-ന് മുമ്പ് നിലപാട് അറിയിക്കാന്‍ ഇ.ഡിയോട് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിര്‍ദേശിച്ചു.
ഇ.ഡി മരവിപ്പിച്ച ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലായി 250 കോടിയോളം രൂപ ഉണ്ടെന്ന് വിവോയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ 9000-ഓളം ജീവനക്കാരാണ് തങ്ങള്‍ക്കുള്ളത്. ഇവര്‍ക്ക് ശമ്പളം കൊടുക്കാനും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള പണമാണ് ബാങ്ക് അക്കൗണ്ടുകളില്‍ ഉള്ളതെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കമ്പനിക്ക് അത് മരണമണിയാവുമെന്നും വിവോ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
വിവോയുടെ ആവശ്യം ഇ.ഡി എതിര്‍ത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നികുതിവെട്ടിക്കാന്‍ ആകെ വിറ്റുവരവിന്റെ പകുതിയോളം തുക കമ്പനി ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്നാണ് ആരോപണം. ഇത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈജിന്‍ ട്രേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പടെ വിവോയുമായി ബന്ധപ്പെട്ട 23 കമ്പനികള്‍ വഴി നികുതി അടയ്ക്കാതെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി യുടെ കേസ്. 62,476 കോടി രൂപയാണ് കടത്തിയത്. ഇത് കമ്പനിയുടെ ആകെ വിറ്റുവരവായ 1,25,185 കോടി രൂപയുടെ പകുതിയോളം വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..