കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കളുടെ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

ആക്രമണം യാദൃശ്ചികമല്ല. മുഖ്യമന്ത്രിയെ വകവരുത്താന്‍ നടന്ന ഗൂഢാചോനയുടെ ഭാഗമാണെന്നതിന് യാതൊരു സംശവുമില്ല. ഇതിന് പിന്നില്‍ ബിജെപിയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടു. 

രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ് മമത ബാനാര്‍ജി. അവര്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ എല്ലാവരും ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ സംഭവത്തില്‍ ഒന്നുപറഞ്ഞിട്ടില്ലെന്നും തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി ചൂണ്ടിക്കാണിച്ചു. അക്രമം അഴിച്ചുവിടാന്‍ ബിജെപി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സാമൂഹിക വിരുദ്ധരെ നന്ദിഗ്രാമില്‍ എത്തിച്ചതായും തൃണമൂല്‍ ആരോപിച്ചു. 

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വീണ് മമതയ്ക്ക് പരിക്കേറ്റത്. നാലഞ്ചുപേര്‍ ചേര്‍ന്ന് തന്നെ മനപൂര്‍വം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. ഇടതുകാലിനും മറ്റും പരിക്കേറ്റ മമത നിലവില്‍ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

content highlights: Attack on Mamata Banerjee deep-rooted conspiracy', alleges TMC, seeks high-level enquiry by EC