ന്യൂഡല്‍ഹി: എടിഎം ഉപയോഗം കൂടുതല്‍ ചിലവുള്ളതായേക്കും. എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിക്കുകയോ സൗജന്യ ഉപയോഗത്തിന്റെ എണ്ണം കുറയ്ക്കുകയോ ചെയ്യാന്‍ ബാങ്കുകള്‍ ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നോട്ടിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ചാര്‍ജ് വര്‍ധിപ്പിക്കുന്നതും സൗജന്യ ഇടപാടുകള്‍ കുറയ്ക്കുന്നതും സംബന്ധിച്ചും പല നിര്‍ദേശങ്ങളും വന്നിട്ടുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ പുതിയ നീക്കം. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ മാസം നാലിലധികം നോട്ടിടപാടുകള്‍ നടത്തുന്നവര്‍ക്ക് 150 രൂപ വീതം ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍, അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ പ്രതിമാസം അഞ്ച് സൗജന്യ ഉപയോഗമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് ഉപയോഗത്തിന് ശേഷം പണമിടപാടിന് 20 രൂപയും ബാലന്‍സ് അറിയുക ഉള്‍പ്പെടെയുള്ളവയ്ക്ക് 8.50 രൂപയുമാണ് ഈടാക്കുന്നത്. മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ മാസത്തില്‍ മൂന്നുതവണയേ സൗജന്യമായി ഉപയോഗിക്കാനാകൂ.

കേന്ദ്ര സര്‍ക്കാര്‍ 1000, 500രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ എടിഎം ചാര്‍ജുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ജനുവരി മുതല്‍ ചാര്‍ജുകള്‍ വീണ്ടും ഈടാക്കി തുടങ്ങുകയായിരുന്നു.