കോഴിക്കോട്: കറന്‍സി പുതുക്കലിനായി രണ്ട് ദിവസം അടച്ചിട്ടിരുന്ന എടിഎം കൗണ്ടറുകള്‍ ഇന്ന് രാവിലെ മുതല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പണം എത്താത്തതിനാല്‍ എടിഎം പ്രവര്‍ത്തനവും താളം തെറ്റി.

100 രൂപ,50 രൂപ നോട്ടുകളുടെ ക്ഷാമവും 2000 രൂപ വെക്കാനുള്ള സാങ്കേതിക വിദ്യ എടിഎമ്മുകളില്‍ ഇല്ലാത്തതുമാണ് പ്രശ്നത്തിന് കാരണം

രാവിലെ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്ന് കരുതി രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകള്‍ക്ക് മുന്നിലും വലിയ ക്യൂ ആയിരുന്നു രാവിലെ മുതല്‍ കാണാന്‍ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരം നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്കും കഴിയുന്നില്ല. എന്നാല്‍ ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ മാത്രമെ ഇന്ന് പ്രവര്‍ത്തിക്കു എന്നും പുറം കരാര്‍ നല്‍കിയിട്ടുള്ള എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നുമാണ് സൂചന.

sbt

പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ ആദ്യ ദിവസം തുറന്നപ്പോള്‍ തന്നെ പലയിടങ്ങളിലും 100,50 രൂപയുടെ നോട്ടുകള്‍ തീര്‍ന്നിരുന്നു. 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യയുമായില്ല കൂടാതെ പുതിയ 500 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുമില്ല.  ഇതാണ് പ്രശ്ന കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്ത് രാവിലെ തന്നെ ചില എടിഎമ്മുകള്‍ തുറന്നിരുന്നുവെങ്കിലും പലതും പെട്ടെന്ന് കാലിയായി. സ്റ്റാച്യൂ ജംഗ്ഷനിലെ എ.ടി.എം മാത്രമാണ് ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവിടെ എ.ടി.എം തുറന്നപ്പോള്‍ നാല് ലക്ഷം രൂപയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ലക്ഷം രൂപ നിറയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ ചില പുതുതലമുറ ബാങ്കുകളുടെ എ.ടി.എം അല്ലാതെ മറ്റൊന്നും തുറന്നിട്ടില്ല. കോഴിക്കോട് എസ്.ബി.ഐ  പ്രധാന ശാഖയുടെ എടിഎമ്മുകള്‍ അടക്കം ഭൂരിഭാഗവും അടഞ്ഞ് കിടപ്പാണ്.്. ഉച്ചയോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന ആശങ്കയിലാണ് ഇടപാടുകാര്‍.

ചില പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളില്‍ വ്യാഴാഴ്ച രാത്രിയോടെ തന്നെ പണം നിറച്ചുവെങ്കിലും ഇത് പെട്ടെന്ന് കാലിയായി.

എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും രാവിലെ തന്നെ ആളുകളെത്തി തുടങ്ങിയിട്ടുണ്ട്. 18 ാം തിയതി വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരാള്‍ക്ക് പിന്‍വലിക്കാനാവുക.18 ന് ശേഷം 4000 രൂപ പിന്‍വലിക്കാനാകും.

എടിഎമ്മുകള്‍ തുറക്കാത്തതോടെ ബാങ്കുകള്‍ക്ക് മുന്നില്‍ ഇന്നും ഇടപാടുകാരുടെ നീണ്ട നിരയാണ്.  എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ബാങ്കുകളിലെ വന്‍ തോതിലുള്ള തിരക്ക് കുറയ്ക്കാനാവുമെന്നായിരുന്നു അധികൃതര്‍ കരുതിയിരുന്നത്.

bank of baroda