ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളുടെ നയത്തിലും മാറ്റങ്ങള്‍ വിഭാവനം ചെയ്ത് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി പുതിയ നയം കൊണ്ടുവരുമെന്നും തന്ത്രപ്രധാനമേഖലകളില്‍ കൂടി സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

പൊതുമേഖല സ്ഥാപനങ്ങളുടെ സാന്നിധ്യം ആവശ്യമുള്ള തന്ത്രപ്രധാന മേഖലകള്‍ ഏതൊക്കെയാണെന്ന് വിജ്ഞാപനം ചെയ്യും. തന്ത്രപ്രധാന മേഖലകളില്‍ ഏറ്റവും കുറഞ്ഞത് ഒരു പൊതുമേഖല സ്ഥാപനം വേണമെന്നതാണ് തീരുമാനം. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൂടി തന്ത്രപ്രധാന മേഖലകളില്‍ അനുമതി നല്‍കും.

ഒരു മേഖലയില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി പരമാവധി നാല് സ്ഥാപനങ്ങള്‍ മാത്രമേ പൊതുമേഖലയില്‍ ഉണ്ടാവുകയുള്ളൂ. മറ്റുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ ലയിപ്പിക്കുകയോ ചെയ്യും. 

എല്ലാ മേഖലകളും സ്വകാര്യമേഖലയ്ക്ക് കൂടി തുറന്നിടുമെന്നും മറ്റു മേഖലകളിലെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Content Highlights: athmanirbhar bharath package; privatisation in public sector enterprises