കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീഴാനിടയാക്കിയ പടവുകള്‍ പൊളിച്ചുപണിയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പടവുകളില്‍ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയരത്തില്‍ വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. നിരവധി പേര്‍ ഈ പടവിന്റെ നിര്‍മാണ പിഴവ് മൂലം നേരത്തെയും വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയില്‍ പുനര്‍നിര്‍മിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം. ബോബ്‌ഡെ പറഞ്ഞു.

അടല്‍ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് അടല്‍ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകള്‍, ശ്മശാനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇത്. എല്ലാ പടവുകള്‍ക്കും ഒരേ ഉയരംവരുന്ന രീതിയില്‍ എത്രയും പെട്ടെന്ന് പടവുകള്‍ പൊളിച്ചുപണിയാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കുമെന്ന് ബോബ്‌ഡെ വ്യക്തമാക്കി.

പടവുകള്‍ക്കിടയില്‍ ഇരിക്കുന്നതിനും ആരതി നടത്തുന്നതിനും അല്‍പം സ്ഥലം ലഭ്യമാക്കണമെന്ന് ചില ഭക്തരുടെ ആവശ്യപ്രകാരമാണ്. പടവുകളില്‍ ഒന്ന് വ്യത്യസ്തമായ ഉയരത്തില്‍ നിര്‍മിച്ചതെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ പടവുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച നമാമി ഗംഗ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോഴാണ് മോദി അടല്‍ ഘട്ടിലെ പടവുകളില്‍ തട്ടിവീണത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം അപകടം സംഭവിച്ചില്ല. മോദിയുടെ വീഴ്ച മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

Content Highlights: Atal ghat stairs to be repaired after PM Narendra Modi tripped