Photo: PTI
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നേതൃത്വ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ആവശ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന ആവശ്യം ഉന്നയിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ മുഖമാണ് പ്രിയങ്കയെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു വര്‍ഷമായി രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അദ്ദേഹം തയ്യാറല്ലെങ്കില്‍ പ്രിയങ്ക ദേശീയ അധ്യക്ഷ പദവി എറ്റെടുക്കട്ടെയെന്ന് ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാമുള്ള സദസിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെങ്കിലും ആരും പ്രതികരിച്ചില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇടപെട്ട് സംസാരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
"രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കേണ്ട സമയമാണിത്. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ല. പ്രിയങ്കാ ഗാന്ധി മുന്നോട്ട് വരികയും പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്യണം. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവാണ് അവര്‍", ആചാര്യ പ്രമോദ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
പാര്‍ട്ടിയെ മുന്‍ നിരയില്‍ നിന്ന് നയിക്കാന്‍ പുതുതലമുറക്ക് അവസരം നല്‍കണമെന്നും ചിന്തന്‍ ശിബിരത്തില്‍ ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനെ ഉയര്‍ത്തിക്കാണിക്കണമെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി പ്രിയങ്ക സജ്ജീവമായി ഇടപെടുന്നുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി പ്രിയങ്കയെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. എങ്കിലും ദേശീയ തലത്തില്‍ എല്ലാവര്ക്കും ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് പ്രിയങ്കയെന്നാണ് ആചാര്യ ചൂണ്ടിക്കാണിച്ചത്. എംപി ദീപേന്ദര്‍ ഹൂഡയും സമാന ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്ന പാര്‍ട്ടിയിലെ വിമതരുടെ ആവശ്യം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശമായി അംഗീകരിച്ചു. പാര്‍ട്ടിയില്‍ അന്തിമ തീരുമാനമെടുക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ അംഗീകാരം ഇനി ഈ നിര്‍ദേശത്തിന് ആവശ്യമാണ്.
Content Highlights: At Udaipur Chintan Shivir, call for Priyanka Gandhi to take over as Congress president
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..