ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ ഇന്ന് മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപിയെ തറപറ്റിച്ച് നേടിയ വിജയത്തിന്റെ ആഘോഷവേദിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഒപ്പം 2019-തിരഞ്ഞെടുപ്പിലേക്കുള്ള വിശാല മഹസഖ്യത്തിന്റെ ശക്തി വെളിവാക്കുന്ന വേദികൂടിയായി മാറും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് തുടങ്ങി കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നിരയിലേയും ഉന്നത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
രാവിലെ 10 മണിക്ക് ജയ്പൂരില്‍ രാജസ്ഥാന് മുഖ്യമന്ത്രിയായി അശോക് ഗഹ്ലോതും ഉപമുഖ്യമന്ത്രിയായി സച്ചിന് പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശേഷം പ്രതിപക്ഷ നേതാക്കളെല്ലാം ഭോപ്പാലിലേക്ക് പോകും. അവിടെ ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥും അധികാരമേല്‍ക്കും. ഇത് കഴിഞ്ഞ് റായ്പുറിലേക്കായിരിക്കും നേതാക്കളുടെ യാത്ര. വൈകീട്ട് നാല് മണിക്ക് ഭൂപേഷ് ഭാഗേല്‍ ഛത്തീസ്ഢിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരത് പവാര്‍, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്, എല്‍ജെഡി നേതാവ് ശരത് യാദവ്, ജെ.എം.എം.നേതാവ് ഹേമന്ദ് സോറന്, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തും. ആം ആദ്മി പാര്‍ട്ടിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. അരവിന്ദ് കെജ്രിവാളിനെ പ്രതിനിധീകരിച്ച് പാര്‍ട്ടി എംപി. സജ്ഞയ് സിങായിരിക്കും പങ്കെടുക്കുക. അദ്ദേഹം രാജസ്ഥാനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ മാത്രമെ സംബന്ധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി തുടങ്ങി പ്രതിപക്ഷ നിരയിലെ ശക്തരായ നേതാക്കള്‍ ചടങ്ങിനെത്തില്ലെന്നാണ് സൂചന. മമതാ ബാനര്‍ജിയെ പ്രതിനിധീകരിച്ച് ദിനേശ് ത്രിവേദിയാകും പങ്കെടുക്കുക.
Content Highlights: swearing-in of Congress CMs, Congress Swearing-In Hat-Trick Today,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..