ഷിംല: ഹിമാചല്‍പ്രദേശില്‍ ശനിയാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെയെണ്ണം 46 ആയി. മാണ്ഡി - പത്താന്‍കോട്ട് ഹൈവേയില്‍ ഹിമാചല്‍പ്രദേശ് റോഡ്‌വേസിന്റെ രണ്ട് ബസുകള്‍ മണ്ണിനടിയിലായി. ബസുകളില്‍ 50 ലേരെ യാത്രക്കാര്‍ ഉണ്ടായിരുന്നു. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്. 46 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മാണ്ഡ്യ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കദം പറഞ്ഞു.

ഞായറാഴ്ച രാത്രിയോടെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വീണ്ടും തുടങ്ങും. ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.

മുഖ്യമന്ത്രി വീരഭദ്രസിങ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. കാണാതായവരില്‍ അവസാനത്തെയാളെ വരെ കണ്ടത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മണാലിയില്‍നിന്ന് കത്രയിലേക്ക് പോയ അപകടത്തില്‍പ്പെട്ട ബസില്‍ എട്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ മരിച്ചു. അഞ്ചുപേരെ രക്ഷപെടുത്തി. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബസില്‍ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മണാലിയില്‍നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്നു ഈ ബസ്.

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ കൗള്‍ സിങ് ഠാക്കൂര്‍, ജി.എസ് ബാലി, അനില്‍ ശര്‍മ എന്നിവര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ബസുകള്‍ മണ്ണിനടിയില്‍പ്പെട്ടതിന് പുറമെ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോവുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. മാണ്ഡി - പത്താന്‍കോട്ട് ദേശീയപാത അപകടത്തെ തുടര്‍ന്ന് അടച്ചു. ഇതോടെ നിരവധി വാഹനങ്ങള്‍ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ട്.