ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് പേര്‍ക്കെങ്കിലും കോവിഡ് രണ്ടാമതും ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). മുംബൈയില്‍ രണ്ട് പേര്‍ക്കും അഹമ്മദാബാദില്‍ ഒരാള്‍ക്കും കോവിഡ് ഭേദമായ ശേഷവും രോഗം റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
കോവിഡിനെ അതിജീവിച്ചവര്‍ക്ക് എത്ര ദിവസം കഴിഞ്ഞാല്‍ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നകാര്യത്തില്‍ ഗവേഷകര്‍ക്ക് ഇതുവരെ വ്യക്തമായ ധാരണ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് ബാധിച്ച ഒരു വ്യക്തിയില്‍ ആന്റി ബോഡികള്‍ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍, ഈ ആന്റി ബോഡികളുടെ ആയുസ് വളരെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു.
 
 
ആന്റി ബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണ്. ഇക്കാര്യത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടില്ല. എന്നിരുന്നാലും, ഏകദേശം 100 ദിവസമായി ഞങ്ങള്‍ കണക്കാക്കുന്നു.' - ഐസിഎംആര്‍ മേധാവി പറഞ്ഞു.
 
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 24 ഓളം പേര്‍ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Content Highlights: At least 3 Indians have been infected by Covid-19 twice, says ICMR chief