കപിൽ സിബലിനെതിരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നിന്ന് |ഫോട്ടോ:ANI,PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വിമര്‍ശനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. 'വേഗം സുഖം പ്രാപിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. വീടിന് നേരെ തക്കാളി എറിയുകയും അദ്ദേഹത്തിന്റെ കാറ് കേടാക്കുകയും ചെയ്തു.
'പാര്‍ട്ടി വിടുക', 'ബോധത്തിലേക്ക് തിരിച്ചു വരുക', 'രാഹുല്‍ ഗാന്ധി സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങളും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഉയര്‍ന്നു.
പഞ്ചാബ് പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയ കപില്‍ സിബല്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിന് ഇതുവരെ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.
ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമര്‍ശനം. എന്നിരുന്നാലും പഞ്ചാബ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ട കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉന്നംവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്നാണ് കരുതപ്പെടുന്നത്. തങ്ങള്‍ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ 'ജി ഹുസൂര്‍-23' (ശരി അങ്ങുന്നേ) അല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ സമഗ്ര പരിഷ്കാരം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന 23 നേതാക്കളുടെ കൂട്ടായ്മയാണ് ജി-23 അഥവാ ഗ്രൂപ്പ് 23. കഴിഞ്ഞ കൊല്ലമാണ് ജി 23 കത്തെഴുതിയത്.
പാര്‍ട്ടിയിലെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ജി 23-ല്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം സോണിയാ ഗാന്ധിക്ക് കത്തുനല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..