ജയ്പുര്‍: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിമത എം.എല്‍.എമാരില്‍ ഒരാളുടെ ശബ്ദ സാമ്പിള്‍ റെക്കോഡ് ചെയ്യാന്‍ ഹരിയാണയിലെ റിസോര്‍ട്ടിലെത്തിയ രാജസ്ഥാന്‍ പോലീസിന് വെറു കയ്യോടെ മടങ്ങേണ്ടി വന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ പോലീസ് എത്തുമ്പോള്‍ സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന എം.എല്‍.എമാരെ ആരെയും റിസോര്‍ട്ടില്‍ കാണാനായില്ല.

സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന 18 എം.എല്‍.എമാരെ ഹരിയാണയിലെ മനേസറിലെ രണ്ട് രണ്ട് റിസോര്‍ട്ടുകളിലാണ് പാര്‍പ്പിച്ചിരുന്നത്‌. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പോലീസ് എത്തിയത്.  

ബി.ജെ.പിയുമായി ചേര്‍ന്ന് കുതിരക്കച്ചവടം നടത്തിയെന്നും സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് വിമത എം.എല്‍.എ. ഭന്‍വര്‍ ലാല്‍ ശര്‍മയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സര്‍ക്കാരിനെ വീഴ്ത്താനുള്ള ഗൂഢാലോചന വെളിവാക്കുന്നതെന്ന് പറയപ്പെടുന്ന ഓഡിയോ ടേപ്പുകളും പുറത്തെത്തിയിരുന്നു. ഈ ഓഡിയോ ടേപ്പിലെ ശബ്ദം ഭന്‍വര്‍ലാലിന്റേതാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ ഈ ഓഡിയോ ടേപ്പുകളുടെ വിശ്വാസ്യത ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

തുടര്‍ന്ന് ഭന്‍വര്‍ ലാലിനും ബി.ജെ.പി. നേതാക്കള്‍ക്കും എതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് രാജസ്ഥാന്‍ പോലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് വിഭാഗം ഭന്‍വര്‍ ലാലിന്റെ ശബ്ദസാമ്പിള്‍ റെക്കോഡ് ചെയ്യാനെത്തിയത്. എന്നാല്‍ എംഎല്‍എമാരെ ഇവിടെ നിന്ന് മാറ്റിയതായാണ് സൂചന. കര്‍ണാടകത്തിലേക്ക് ഇവരെ മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്‌.

content highlights: at haryana resort, rajastan police could not find any rebel mla's