ന്യൂഡല്‍ഹി: ഔദ്യോഗിക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച ബിജെപി പ്രവര്‍ത്തകരെ നിശബ്ദരാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയും ഡല്‍ഹി ജല്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് സംഭവം.

കെജ്‌രിവാള്‍ സംസാരിക്കാന്‍ തുടങ്ങിയ ഉടന്‍ മുന്‍ നിരയിലുണ്ടായിരുന്നവര്‍ സംഘമായി ചുമയ്ക്കാന്‍ തുടങ്ങി. ബഹളമുണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും സദസിലുള്ളവര്‍ ചുമ തുടര്‍ന്നു. ഇതോടെയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇടപെട്ടത്. ഇതൊരു ഔദ്യോഗിക പരിപാടിയാണെന്നും നിശബ്ദത പാലിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ധനും ഗഡ്കരിയോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ശബ്ദമുണ്ടാക്കിയവര്‍ നിശബ്ദരായി.

ദീര്‍ഘനാളായി കെജ്‌രിവാള്‍ ചുമകാരണം ബുദ്ധിമുട്ടുന്നുണ്ട്. 2016 ല്‍ ചുമ മാറ്റാനായി അദ്ദേഹം ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പരിഹസിക്കാനുള്ള ശ്രമമാണ് നടന്നത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സംസ്ഥാന ജലവിഭവ മന്ത്രി സത്യപാല്‍ സിങ്, ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. 

Content Highlights: Aravind Kejriwal, Nithin Gadkari, New Delhi, AAP, BJP