
തേജസ് യുദ്ധ വിമാനം |Photo:PTI
ബെംഗളൂരു: ഇന്ത്യന്‍ വ്യേമസേനയ്ക്കായി 83 തേജസ് യുദ്ധവിമാനങ്ങള്‍ (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) വാങ്ങാന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടു. 48,000 കോടി രൂപയുടെതാണ് കരാര്‍. തദ്ദേശീയ മിലിട്ടറി ഏവിയേഷന്‍ മേഖലയിലെ ഏറ്റവും വലിയ ഇടപാടാണിത്.
ബെംഗളൂരുവിലെ എയറോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ വി.എല്‍ കാന്ത റാവു ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്. മാധവന് കരാര്‍ രേഖ കൈമാറി.
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് 83 പുതിയ തേജസ് എംകെ 1 എ വികസിപ്പിക്കുന്നതിന് എച്ച്.എ.എല്ലിന് ഓര്‍ഡര്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇന്നുവരെയുള്ള ഏറ്റവും വലിയ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രതിരോധ കരാറായിരിക്കാം ഇതെന്നും കരാറില്‍ ഒപ്പുവെച്ച് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
സിംഗിള്‍ എന്ജിന് മള്‍ട്ടി റോള്‍ സൂപ്പര്‍സോണിക് യുദ്ധവിമാനമാണ് തേജസ്. ഉയര്‍ന്ന ഭീഷണി നേരിടുന്ന അന്തരീക്ഷത്തിലും നിഷ്പ്രയാസം പ്രവര്‍ത്തിക്കാന്‍ കഴിയും. ആദ്യ മോഡലില്‍നിന്ന് പ്രവര്‍ത്തന ശേഷിയില്‍ ഉള്‍പ്പെടെ 43 മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എളുപ്പത്തിലുള്ള പരിപാലനം, ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്ഡ് അറെ റഡാര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ദീര്‍ഘദൂരത്തേക്ക് മിസൈല്‍ വാഹക ശേഷി തുടങ്ങിയ പ്രത്യേകതകള്‍ പുതിയ തേജസിനുണ്ട്.
73 തേജസ് എംകെ-1 എ വിമാനങ്ങളും 10 ലൈറ്റ് കോംപാക്ട് തേജസ് എംകെ-1 ട്രെയിനര്‍ വിമാനങ്ങളും വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന സുരക്ഷാവിഭാഗം ക്യാബിനെറ്റ് കമ്മിറ്റിയാണ് അനുമതി നല്‍കിയത്. 40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി നേരത്തെയുള്ള കരാറിന് പുറമേയാണിത്.
content highlights: At Aero India Show, Govt Inks Biggest 'Make-In-India' Defence Deal for 83 Tejas LCA Jets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..