ന്യൂഡല്‍ഹി: കോഡിനിരയായി ഇതുവരെ മരിച്ചത് രണ്ടായിരത്തോളം റെയില്‍വെ ജീവനക്കാര്‍. മുന്‍നിര ജീവനക്കാരായ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 1,952 പേര്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതു വരെയുള്ള കാലയളവില്‍ കോവിഡിനിരയായി. കൂടാതെ ആയിരത്തോളം ജീവനക്കാര്‍ക്ക് ദിവസേന കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും റെയില്‍വേ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി. 

ജീവനക്കാരും കുടുംബാംഗങ്ങളുമായി നാലായിരത്തോളം പേര്‍ വിവിധ റെയില്‍വേ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും അവര്‍ക്ക് മികച്ച ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും റെയില്‍വേ ബോര്‍ഡ് ചെയയര്‍മാന്‍ സുനീത് ശര്‍മ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കോ സമാനമാണ് റെയില്‍വേയുടെ സ്ഥിതിയെന്നും ദിനം പ്രതി ആയിരത്തോളം കേസുകളാണ് റെയില്‍വേ ജീവനക്കാര്‍ക്കിടയിടയില്‍ സ്ഥിരീകരിക്കപ്പെടുന്നതെന്നും സുനീത് ശര്‍മ കൂട്ടിച്ചേര്‍ത്തു. 

ജനങ്ങളുടെ സഞ്ചാരവും ചരക്കുഗതാഗതവും സുഗമമാക്കാന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കേണ്ടത് അനിവാര്യമാണ്. ജീവനക്കാര്‍ക്കായുള്ള ആശുപത്രികളില്‍ ഇതിനോടകം തന്നെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുകയും ചെയ്തതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

113 സ്‌റ്റേഷന്‍ മാസ്റ്റര്‍മാരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ അധികം പേരും രണ്ടാം തരംഗത്തിന് ഇരയായവരാണെന്ന് ഓള്‍ ഇന്ത്യ സ്‌റ്റേഷന്‍ മാസ്‌റ്റേഴ്‌സ് അസ്സോസിയേഷന്‍(AISMA) അറിയിച്ചു. റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്(RPF)ന് അമ്പതോളം അംഗങ്ങളെ കോവിഡ് മൂലം നഷ്ടമായി.

സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് അമ്പത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും അടിയന്തരമായി വാക്‌സിന്‍ സൗകര്യം ലഭ്യമാക്കണമെന്നും റെയില്‍വേ ബോര്‍ഡിനും വിവിധ ഡിവിഷണനുകള്‍ക്കും അയച്ച കത്തില്‍ എഐഎസ്എംഎ ആവശ്യപ്പെട്ടു.

സ്റ്റേഷന്‍ മാസ്റ്റര്‍മാരില്‍ പലര്‍ക്കും രോഗബാധയുണ്ടാവുന്നതു കൊണ്ട് അവധിയില്‍ പ്രവേശിക്കേണ്ടി വരുന്നതിനാല്‍ ശേഷിക്കുന്നവര്‍ക്ക് അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതായും അസ്സോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തോളം ജീവനക്കാര്‍ ഇതു വരെ കോവിഡ് ബാധിതരായതായും അതില്‍ മൂന്നില്‍ രണ്ട് ഭാഗം ഇതു വരെ രോഗമുക്തി നേടിയതായും റെയില്‍വേ തൊഴിലാളി സംഘടനകളും അറിയിച്ചു. 

എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടിക്കാണ് റെയില്‍വേ ഇപ്പോള്‍ പ്രാഥമിക പരിഗണന നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് വിവിധ സോണുകളിലും ഡിവിഷനുകളിലുമുള്ളവര്‍ക്ക് ബാച്ചുകളായി വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേയെന്ന് ഡല്‍ഹി ഡിവിഷണല്‍ മാനേജര്‍ എസ് സി ജയിന്‍ പറഞ്ഞു. 

 

 

Content Highlights: At 1000 cases a day Railways has lost 1952 staff so far