എസ്പി-കോൺഗ്രസ് നേതാക്കൾ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ തങ്ങളുടെ ശക്തികേന്ദ്രമായ ഖതൗലിയില്‍ ബിജെപി പരാജയപ്പെട്ടു. ഇവിടെ ആര്‍എല്‍ഡി സ്ഥാനാര്‍ഥി മഥന്‍ ഭയ്യ വിജയിച്ചു. ബിജെപി എംഎല്‍എ വിക്രം സിങ് സൈനിയെ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
യുപിയിലെ രാംപുരില്‍ ബിജെപി സ്ഥാനാർഥി ആകാശ് സക്സേന വിജയിച്ചു. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് അസിം രാജയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എസ്പിയുടെ പ്രമുഖനായ അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പിയുടെ ഡിംപിള്‍ യാദവ് വിജയിച്ചു. 1,70,000-ല്‍ അധികം വോട്ടുകള്‍ക്ക് ബി.ജെ.പി. സ്ഥാനാര്‍ഥി രഘുരാജ് സിങ് ശാക്യയെ പിന്നിലാക്കിയാണ് ഡിംപിള്‍ വിജയിച്ചത്. സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് അന്തരിച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍.
ഛത്തീസ്ഗഢിലെ ഭാനുപ്രതാപ്പുര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സാവിത്രി മന്ദാവിയ വിജയിച്ചു. ബിജെപിയുടെ ബ്രഹ്മാനന്ദ് നേതാമിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. എംഎല്‍എ ആയിരുന്ന മനോജ് സിങ് മന്ദാവിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് സാവിത്രി മന്ദാവി. ഛത്തീസ്ഗഢില്‍ 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് ശേഷം നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.
രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അനില്‍ കുമാര്‍ ശര്‍മ വിജയിച്ചു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സര്‍ദര്‍ശഹറില്‍ സിറ്റിങ് എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബിഹാറിലെ കുർഹാനി മണ്ഡലത്തില്‍ കനത്ത പോരാട്ടത്തിനൊടുവില്‍ ബിജെപി സ്ഥാനാർഥി കേദര്‍ പ്രസാദ് ഗുപ്ത വിജയിച്ചു. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റാണിത്. ജെഡിയു സ്ഥാനാർഥി മനോജ് സിങ് ആണ് രണ്ടാമതെത്തിയത്.
ഒഡീഷയിലെ പദംപുര്‍ മണ്ഡലത്തില്‍ ബിജെഡി സ്ഥാനാർഥി ബർഷ സിങ് ബാരിഹ വിജയിച്ചു. ബിജെഡിയുടെ സിറ്റിങ് സീറ്റായ ഇവിടെ എംഎല്‍എ ആയിരുന്ന ബിജയ രഞ്ജന്‍ സിങ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Content Highlights: Assembly loksabha bypolls-uttar pradesh-bihar-odisha-rajasthan chhattisgarh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..