സീതാറാം യെച്ചൂരി, അജോയ് കുമാർ | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന് ധാരണ. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുപാര്‍ട്ടികളും സഹകരിച്ച് മത്സരിക്കാന്‍ ധാരണയായത്. കോണ്‍ഗ്രസ് ബന്ധത്തിന് അംഗീകാരം നല്‍കുന്നതിന് ത്രിപുരയിലെ സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും യോഗം ചേരും.
സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ എന്നത് സംബന്ധിച്ച് സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ഏതൊക്കെ സീറ്റുകളിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ സമിതിക്ക് രൂപം നല്‍കും.
കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയുടെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്നതാകും സമിതി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ആണ് സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ത്രിപുരയിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്റെ പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. അടവുനയം രൂപപെടുകയാണെങ്കില്‍ ദേബ്ബര്‍മന്റെ പാര്‍ട്ടിക്ക് ഒരു ഡസന്‍ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കാമെന്നാണ് സിപിഎം - കോണ്‍ഗ്രസ് നേതാക്കളുടെ വാഗ്ദാനം. എന്നാല്‍ ഇത്രയും സീറ്റുകള്‍ കൊണ്ട് പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്‍ ത്രിപ്തിപെടുമോ എന്ന് വ്യക്തമല്ല.
Content Highlights: Assembly Elections: CPM-Congress collaboration in Tripura, declaration soon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..