റോണിത | Photo: twitter.com|ronitasharma
ന്യൂഡല്‍ഹി: കോവിഡ് ആരോടും ദയകാണിക്കുന്നില്ല പിഞ്ചുകുഞ്ഞുങ്ങളോട് പോലും. അമ്മയുടെ മാറിന്റെ ചൂടുതട്ടി അമ്മിഞ്ഞപ്പാല്‍ കുടിച്ചുറങ്ങിയിരുന്ന നിരവധി കുഞ്ഞുങ്ങളാണ് കോവിഡ് മൂലം അനാഥമാക്കപ്പെട്ടത്. അമ്മ നഷ്ടപ്പെട്ടതറിയാതെ വിശന്ന് കരയുന്ന കുഞ്ഞുങ്ങളെ കൈയ്യിലേന്തി എന്തു ചെയ്യണമെന്നറിയാതെ നെഞ്ചുപൊട്ടുകയാണ് കോവിഡ് കൊണ്ടുപോയവരുടെ ബന്ധുക്കള്‍. അത്തരക്കാര്‍ക്ക് ആശ്വാസമാകുകയാണ് അസമിലെ ഗുവാഹത്തി സ്വദേശിനി റോണിത കൃഷ്ണ ശര്‍മ്മ രേഖി.
മുലപ്പാൽ മാത്രം കുടിച്ചുവളരേണ്ട നവജാത ശിശുക്കള്‍ക്ക് തന്റെ മുലപ്പാല്‍ പങ്കിട്ടുനല്‍കുകയാണ് അവര്‍. റോണിതയ്ക്ക് നാലുമാസം പ്രായമുള്ള ഒരു മകളുണ്ട്. കോവിഡ് പോസിറ്റീവായി അമ്മമാര്‍ ക്വാറന്റീനില്‍ പോയാലും കുഞ്ഞുങ്ങള്‍ വിശന്നിരിക്കേണ്ടി വരില്ല. അത്തരം സാഹചര്യത്തിലും തനിക്കാവുന്ന കുഞ്ഞുങ്ങളെ റോണിത പാലൂട്ടും.
ഗുവാഹാത്തിയില്‍ മാത്രമുള്ള കുഞ്ഞുങ്ങളെ പാലൂട്ടാനെ റോണിതയ്ക്കാവു. പക്ഷേ താന്‍ രാജ്യത്തുടനീളമുള്ള പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രചോദനമാകുമെന്നും അതുമൂലം കോവിഡ് അനാഥരാക്കിയ പിഞ്ചോമനകള്‍ക്ക് വിശന്നുകരയേണ്ടിവരില്ലെന്നുമാണ് റോണിതയുടെ പ്രതീക്ഷ.
റോണിത മുംബൈ ആസ്ഥാനമായി ചലച്ചിത്ര മേഖലയില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെ റോണിത സ്വദേശമായ ഗുവാഹാത്തിയിലേക്ക് മടങ്ങിയിരുന്നു. ഈ സമയത്താണ് റോണിത തന്റെ മകള്‍ക്ക് ജന്മം നല്‍കുന്നത്. അമ്മ നഷ്ടപ്പെട്ട ഒരു നവാജാത ശിശുവിനെക്കുറിച്ച് ട്വിറ്ററില്‍ കണ്ട ഒരു കുറിപ്പ് തന്റെ മനസിലുടക്കിയെന്നും അതേതുടര്‍ന്നാണ് അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെ പാലൂട്ടാന്‍ തീരുമാനിച്ചതെന്നും റോണിത പറയുന്നു.
ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ പിന്തുണയും റോണിതയ്ക്കുണ്ട്. ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തി വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചു തന്നെയാണ് റോണിത കുഞ്ഞുമക്കളെ മാറോട് ചേര്‍ക്കുന്നത്.
കോവിഡിനെ തുരത്താന്‍ ഇനിയും നമ്മള്‍ക്കായില്ലെങ്കിലും ചെറുത്ത് നില്‍ക്കാനെങ്കിലും കഴിയുന്നത് റോണിതയെ പോലെയുള്ള നിരവധി കോവിഡ് പോരാളികളുടെ ആത്മസമര്‍പ്പണം ഒന്നുകൊണ്ടുമാത്രമാണ്.
Content Highlight; Assam woman offers to breastfeed newborns who lost mothers to COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..