ഗുവാഹത്തി: സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതില്‍ ഇക്കൊല്ലം ആദ്യം പാസാക്കിയ ജനസംഖ്യാനയം ആസ്പദമാക്കാനൊരുങ്ങി അസം സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളലോ സര്‍ക്കാര്‍ പദ്ധതികളോ ആകട്ടെ, സമീപഭാവിയില്‍ ജനസംഖ്യാനയത്തെ അടിസ്ഥാനമാക്കിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു. 

പോപ്പുലേഷന്‍ ആന്‍ഡ് വിമന്‍ എംവപര്‍മെന്റ് പോളിസി ഓഫ് അസം പ്രകാരം- രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരായിരിക്കില്ല. ഇവര്‍ക്ക് പഞ്ചായത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അംഗങ്ങളാകാനും സാധിക്കില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാനും ഇവര്‍ക്ക് സാധിക്കില്ല. 2021 ജനുവരി 21-നാണ് നയം നിലവില്‍ വന്നത്.

ആദ്യഘട്ടത്തില്‍ നാലു മുതല്‍ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുക. തേയിലത്തോട്ടം തൊഴിലാളി സമൂഹം, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് ഇളവു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കുടുംബങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ശര്‍മ കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ കുടിയേറ്റക്കാരായ മുസ്‌ലിങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ വിസ്‌ഫോടനമുണ്ടാകുന്ന പക്ഷം താമസസ്ഥലത്തിനു വേണ്ടി തര്‍ക്കങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേസമയം ശര്‍മയുടെ പ്രസ്താവനയെ തള്ളി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സര്‍വേ 2020 ഡിസംബറിലാണ് പുറത്തെത്തിയത്. സര്‍വേ പ്രകാരം അസമിലെ സ്ത്രീകളിലെ പ്രത്യുല്‍പാദന നിരക്ക് 2015-2016ല്‍ 2.2 ആയിരുന്നത് 2020-21ല്‍ 1.9 ആയി കുറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. 

content highlights: assam to soon implemet its population policy in government schemes