ഗുവാഹത്തി: അസമിലെ വീരപ്പന്‍ എന്നറിയപ്പെടുന്ന കാട്ടുകള്ളന്‍ മംഗിന്‍ ഖോല്‍ഹു കൊല്ലപ്പെട്ടു. യുണൈറ്റഡ് പീപ്പിള്‍സ് റെവല്യൂഷണറി ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത കമാന്റഡര്‍ ഇന്‍ ചീഫ് കൂടിയായ മംഗിന്‍ ഖോല്‍ഹുവാണ് സ്വന്തം കൂട്ടാളികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര കലാപമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 

വനംകൊള്ള പോലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ കുപ്രസിദ്ധനായതോടെയാണ് മംഗിന് വീരപ്പനെന്ന വിളിപ്പേര് ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഘത്തിലെ ചിലര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും മറ്റു ചിലര്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തതോടെ സംഘടനയെ തുടര്‍ന്ന് നയിച്ചുവന്നത് മംഗിന്‍ ഖോല്‍ഹുവായിരുന്നു

സംഘാംഗങ്ങള്‍ക്കിടയില്‍ കലഹം പൊട്ടിപ്പുറപ്പെടുകയും വെടിവെയ്പിനിടയില്‍ മംഗിന്‍ ഖോല്‍ഹു കൊല്ലപ്പെടുകയുമായിരുന്നു. നിരവധി തവണ മംഗിന് വെടിയേറ്റതായാണ് പോലീസ് വ്യക്തമാക്കുന്നത്.  ബോകജന്‍ നഗരത്തിന്റെ അതിര്‍ത്തിക്ക് സമീപത്തുള്ള  മലമ്പ്രദേശമായ ഖേങ്പിബുങ് എന്ന സ്ഥലത്താണ് സംഭവം. ഞായറാഴ്ച രാവിലെ തന്നെ മംഗിന്‍ ഖോല്‍ഹുവിന്റെ  മൃതദേഹം വീണ്ടെടുത്ത് പോലീസ് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Content Highlight: Assam's Veerappan" UPRF leader Shot Dead