ഗുവാഹാത്തി: മത വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ അസമില്‍ ടെലിവിഷന്‍ പരമ്പരയ്ക്ക് വിലക്ക്‌. ബീഗം ജാന്‍ എന്ന അസമീസ് ടിവി പരമ്പരയാണ് പോലീസ് രണ്ട് മാസത്തേക്ക് നിരോധിച്ചത്.

പരമ്പരയിലെ നായികാനായകന്മാര്‍ ഇരു മതവിഭാഗങ്ങളില്‍ പെട്ടവരാണ്. വികാരങ്ങള്‍ വ്രണപ്പെട്ടതായി ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് പരമ്പരയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

സമൂഹത്തിലെ ചില വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുന്നതിനാലും പരമ്പരയിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നാണ് കണ്ടെത്തല്‍. ഇത്‌ കലാപത്തിന് പ്രേരകമാകാനിടയുള്ളതിനാല്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട് അനുസരിച്ച് രംഗോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പര നിരോധിച്ചതായി ഓഗസ്റ്റ് 24 ന് പുറത്തിറക്കിയ ഉത്തരവില്‍ പോലീസ് കമ്മിഷണര്‍ എം പി ഗുപ്ത അറിയിച്ചു. 

ഹിന്ദു ജാഗരണ്‍ മഞ്ച്‌, ഓള്‍ അസം ബ്രാഹ്‌മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം എന്നീ സംഘടനകള്‍ കൂടാതെ ഗുണജിത് അധികാരി എന്ന വ്യക്തിയും പരമ്പരയ്‌ക്കെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. പരമ്പരയുടെ നിര്‍മാതാക്കള്‍ താത്ക്കാലികമായി ഷൂട്ടിങ് നിര്‍ത്തി വെച്ചു. വിലക്കിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. 

ഓണ്‍ലൈനിലൂടെ തനിക്ക് വധഭീഷണി ഉള്ളതായി പരമ്പരയില്‍ നായികയായി അഭിനയിക്കുന്ന പ്രീതി കൊങ്കണ നേരത്തെ അറിയിച്ചിരുന്നു. പരമ്പരയില്‍ നായികയായ ഹിന്ദു യുവതിയായാണ് പ്രീതി അഭിനയിക്കുന്നത്. പ്രശ്‌നങ്ങളില്‍ പെടുന്ന നായികയെ നായകനായ മുസ്ലിം യുവാവ് സഹായിക്കുന്നതാണ് പരമ്പരയുടെ കഥയെന്ന് ബീഗം ജാനിനെതിരെയുള്ള ലൗ ജിഹാദ് ആരോപണത്തെ തള്ളിക്കളഞ്ഞ് പ്രീതി വ്യക്തമാക്കി. 

കേബിള്‍ ആക്ട് പ്രകാരമുള്ള ജില്ലാ കമ്മിറ്റി പരമ്പരയിലെ ആരോപണവിധേയമായ രംഗങ്ങള്‍ പരിശോധിച്ച ശേഷം മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പോലീസ് ഉത്തരവില്‍ പറയുന്നു. പ്രാദേശിക ടിവി ചാനലിനും കാരണം ബോധിപ്പിക്കാന്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്. 

മൂന്ന് മാസം മുമ്പാണ് പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചത്. ജൂലായില്‍ തന്നെ പരമ്പരയ്‌ക്കെതിരെ ഓണ്‍ലൈനില്‍ സംഘടിത ആക്രമണം ആരംഭിച്ചിരുന്നു. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമ്പരയാണെന്ന് കാണിച്ച് ഹിന്ദു ജാഗരണ്‍ സമിതിയും രംഗത്തെത്തി. #ബോയ്‌കോട്ട് ബീഗം ജാന്‍ #ബോയ്‌കോട്ട് രംഗോണി എന്നീ ഹാഷ്ടാഗുകളും ട്വിറ്ററില്‍ സജീവമായി. ചാനല്‍ ഉടമയും എഎം ടെലിവിഷന്റെ ചെയര്‍മാനും എംഡിയുമായ സഞ്ജീവ് നരെയ്ന്‍ പരമ്പരയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു.  

Content Highlights: Assam Police bans TV serial Begum Jaan for two months