പട്‌ന : വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാാനാണ് ആലോചിക്കുന്നത്. 

ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷെ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. 

ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങള്‍ മാത്രമല്ല പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണം.

ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമ പ്രകാരം വരുമാനം, തൊഴില്‍, സ്ഥിര മേല്‍വിലാസം, മതം എന്നിവ വെളിപ്പെടുത്തുന്ന രേഖകള്‍ വിവാഹത്തിനു ഒരു മാസം മുമ്പ് സമര്‍പ്പിക്കണം. 

ഈ നിയമം സത്രീകളെ ശാക്തീകരിക്കും. യുപിയിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങൾ ഈ നിയമത്തിലുമുണ്ടാകും", ശര്‍മ്മ പറയുന്നു.

ലവ് ജിഹാദ് കേസുകള്‍ ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന കര്‍ണാടക, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലൗ ജിഹാദിന്റെ പേരില്‍ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ്.

content highlights: Assam plans a law requiring bride and groom to declare their religion and income