ദിസ്പുര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയില്‍നിന്ന് പോലീസിനെ പിന്‍വലിക്കാൻ അസം, മിസോറം സർക്കാരുകൾ തമ്മിൽ ധാരണയായി. ഇവിടെ കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കുശേഷം തങ്ങളുടെ പോലീസ് സേനകളെ പിന്‍വലിക്കാന്‍ ഇരുസംസ്ഥാനങ്ങളും സമ്മതിച്ചതായും സംഘര്‍ഷം നിലനിന്ന ദേശീയ പാത 306-ല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കുമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതിര്‍ത്തി പ്രശ്‌നം സൗഹാര്‍ദപരമായി പരിഹരിക്കാന്‍ ഉഭയകക്ഷി ചർച്ച തുടരാന്‍ തീരുമാനമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇവിടെ സി.ആര്‍.പി.എഫിന്റെ അഞ്ച് കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. രണ്ടു കമ്പനി ഉദ്യോഗസ്ഥര്‍ കൂടി ഇവര്‍ക്കൊപ്പം കൂടുതലായി വിന്യസിക്കും.

Content Highlights: Assam Mizoram to withdraw own forces crpf to take over till a solution