ഗുവഹാത്തി: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയ്ക്കും ആറ് ഉന്നതോദ്യോഗസ്ഥര്‍ക്കും എതിരേ കേസെടുത്ത് മിസോറം പോലീസ്. കൊലപാതകശ്രമം ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ ഐ.ജി.പി. അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡി.ഐ.ജി. ദേവ്ജ്യോതി മുഖര്‍ജി, കച്ചര്‍ പോലീസ് സൂപ്രണ്ട് നിംബാല്‍ക്കര്‍ വൈഭവ് ചന്ദ്രകാന്ത്, ധോലൈ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സഹബ് ഉദ്ദിന്‍ തുടങ്ങിയവര്‍ക്കെതിരേയാണ് മിസോറാം പോലീസ് കേസെടുത്തിരിക്കുന്നത്. 

ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസമിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ടെന്ന് മിസോറം പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. മിസോറാമിലെ കോലാസിബ് ജില്ലയിലെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എം.പി.ക്കും അസം പോലീസും സമന്‍സ് അയച്ചിരുന്നു. വെടിവെപ്പുണ്ടായതിന് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് നല്‍കിയതെന്ന് അസം പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ തര്‍ക്കമുള്ള കച്ചറില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തിലാണ് അസം പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചത്. അസമിലെ കച്ചര്‍ ജില്ലയ്ക്കും മിസോറമിലെ കോലാസിബ് ജില്ലയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലാണ് അക്രമം ഉണ്ടായത്.

അതിര്‍ത്തികടന്നുള്ള കൈയേറ്റം തടയാനെത്തിയ അസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ മിസോറമിലെ അക്രമികളില്‍ നിന്ന് കല്ലേറുണ്ടായതായി അസം പോലീസ് ആരോപിച്ചിരുന്നു. അസം-മിസോറം അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി തര്‍ക്കവും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള കൈയേറ്റം നടക്കുന്നതായി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ആരോപിക്കുന്നു.

Content Highlights: Assam-Mizoram Border Dispute: Officers Summon Each Other, CM Himanta Booked